പ്രയാഗയുടെ മൊഴി മുഖവിലയ്‌ക്കെടുത്ത് പൊലീസ്; ഭാസിയെ ഇനിയും വിളിപ്പിക്കണോ എന്ന് പരിശോധിക്കും
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിന് ആശ്വാസം. ഇന്നലെ അന്വേഷണ സംഘം പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്തിരുന്നു. പ്രയാഗയുടെ മൊഴി തൃപ്തികരമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത് എന്നാണ് വിവരം. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന ഹോട്ടലില്‍ വെച്ച് ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നാണ് പ്രയാഗ അറിയിച്ചിരുന്നത്.
ഓം പ്രകാശ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും പ്രയാഗയുടെ വാദം സാധൂകരിക്കുന്ന പ്രതികരണമായിരുന്നു നടത്തിയിരുന്നത്. ഇന്നലെ ചോദ്യം ചെയ്യലിലും ഇതേ നിലപാടാണ് പ്രയാഗ ആവര്‍ത്തിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് എന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളുടെ സുഹൃത്തുക്കളാണ് ആ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നത്.

ഏകദേശം രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം പ്രയാഗ ഹോട്ടലില്‍ നിന്ന് മടങ്ങുകയും ചെയ്തു. ബിനു ജോസഫാണ് പ്രയാഗയെ ഹോട്ടലില്‍ എത്തിച്ചത്. ശ്രീനാഥ് ഭാസിയും ബിനു ജോസഫ് വഴിയാണ് എത്തുന്നത്. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത് എന്നും ലഹരി ഇടപാടോ പാര്‍ട്ടിയോ ഹോട്ടലില്‍ വെച്ച് നടന്നതായി അറിവില്ലായിരുന്നു എന്നുമാണ് പ്രയാഗ പറയുന്നത്.
സംഭവ ദിവസം പുലര്‍ച്ചെ നാല് മണിക്കാണ് പ്രയാഗ ഹോട്ടലില്‍ എത്തുന്നത്. ഹോട്ടലിലെ പാര്‍ട്ടിയില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്നത് സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. അതേസമയം ലഹരി പരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിക്കാന്‍ സന്നദ്ധരാണ് എന്ന് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
നിലവില്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുന്നത്. ശ്രീനാഥ് ഭാസിയെ ഇന്നലെ അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഭാസിയും മൊഴിയും നല്‍കിയത്. എന്നാല്‍ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ട് എന്ന് ഭാസി മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. മൊഴികള്‍ വിലയിരുത്തിയ ശേഷം ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനമെടുത്തേക്കും. കേസില്‍ അറസ്റ്റിലായ ഓം പ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുള്‍പ്പടെ 20 ഓളം പേരുടെ പേരുകളുണ്ടായിരുന്നു.
അന്നേ ദിവസം ഹോട്ടലില്‍ എത്തിയവരായിരുന്നു ഇവര്‍. ഹോട്ടലില്‍ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്നും പാര്‍ട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിട്ടില്ല എന്നും സുഹൃത്തുക്കളുടെ ഗെറ്റ് ടുഗദറാണ് ഹോട്ടലില്‍ നടന്നത് എന്നുമാണ് ഓം പ്രകാശ് പറയുന്നത്. ഓംപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications