യുഎഇ സെറ്റ്, ഒമാന്‍ തയ്യാറാകുന്നു; പിന്നാലെ കൂടുതല്‍ ജിസിസി രാജ്യങ്ങളുമായി ആ കരാറിനായി ഇന്ത്യ
ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ പൂർത്തിയാകുമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ചർച്ചകൾ അവസാന ഘട്ടത്തിലെത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുമായുള്ള കരാറുകൾക്ക് ഇന്ത്യ തയ്യാറാണെന്നും, അത് രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്നുവെങ്കിൽ മാത്രമേ മുന്നോട്ടുപോകൂ. ഈ കരാറുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇപ്പോൾ ഞങ്ങൾ ഒമാനുമായുള്ള എഫ്ടിഎ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ്, അത് ഉടൻ പൂർത്തിയാകും. ചില മറ്റ് ജിസിസി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുമായി സംസാരിക്കും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാകുമ്പോൾ, മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള എഫ്ടിഎകൾക്ക് ഇന്ത്യ തയ്യാറാണ്," ഗോയൽ പറഞ്ഞു. ഒമാനുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ചർച്ചകൾ പൂർത്തിയായതോടെ, രണ്ട് രാജ്യങ്ങൾക്കിടയിൽ ഉടൻ ഒപ്പിടൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഒമാൻ വ്യാപാരം 10.6 ബില്യൺ ഡോളറായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 19 ശതമാനം വർധനവാണ് ഇക്കാളയളവില്‍ ഉണ്ടായിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ ഒമാൻ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥലമാണ്. യന്ത്രങ്ങൾ, ഫാമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയാണ് ഒമാനിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മറുവശത്ത്, ഒമാൻ നിന്നുള്ള ഇന്ത്യയിലെ പ്രധാന ഇറക്കുമതികൾ പെട്രോളിയം ക്രൂഡ് ഓയിലും, മറ്റ് എണ്ണ ഉത്പന്നങ്ങളുമാണ്.
ഇന്ത്യക്കും യു എ ഇക്കും ഇടയില്‍ നേരത്തെ വ്യാപാര കരാർ നിലനില്‍ക്കുന്നുണ്ട്. 2022 മേയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ വലിയ തോതില്‍ വർധിപ്പിച്ചു. 2025-ലെ ആദ്യ പകുതിയിൽ ഇരു രാജ്യങ്ങളുടെയും എണ്ണയിതര വ്യാപാരം 38 ബില്യൺ ഡോളറിലെത്തി. 2024-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 34 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ കരാർ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾക്ക് ഗുണം ചെയ്തുവെന്നും ഗോയൽ ചൂണ്ടിക്കാട്ടി. "ഇന്ത്യ-യുഎഇ എഫ്ടിഎ ഇരു വശങ്ങളിലെയും ബിസിനസുകൾക്ക് അനുകൂലമായി ഉപയോഗിക്കപ്പെട്ടു. ഇത് നമ്മുടെ ലക്ഷ്യങ്ങൾ പുതിയ ഉയരത്തിലേക്ക് ഉയർത്തി, അടുത്ത 3-4 വർഷത്തിനുള്ളിൽ നോൺ-ഓയിൽ, നോൺ-പ്രീഷ്യസ് മെറ്റൽ ബൈലാറ്ററൽ വ്യാപാരം 100 ബില്യൺ ഡോളറാക്കി വർധിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു," അദ്ദേഹം സെപ്റ്റംബർ 19-ന് പറഞ്ഞു.












Click it and Unblock the Notifications