വാഴയില ഇല്ലാതെ എന്ത് ഓണസദ്യ; ലക്ഷക്കണക്കിന് വാഴയില കടൽ കടന്ന് ഗൾഫിലേക്ക്
ഓണം എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മലയാളികൾ ഓണം ആഘോഷിക്കാൻ ഒരുക്കിക്കഴിഞ്ഞു. ഓണം എന്ന് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഓണപ്പൂക്കളവും ഓണ സദ്യയും ആയിരിക്കും.ഇലയിൽ വിളമ്പിയ ചോറും കറികളുമൊക്കെയായി, ഓർക്കുമ്പോൾ തന്നെ കൊതിയാവും. കേരളത്തിൽ മാത്രം അല്ല ഓണം ആഘോഷിക്കുന്നത് മലയാളികൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ആഘോഷവും ഉണ്ടാവും..
ഗൾഫിൽ ഉള്ള മലയാളികളും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഓണം അടുത്തതോടെ ഗൾഫ് വിപണിയിലേക്ക് കേരളത്തിൽ നിന്ന് വാഴയിലകൾ കൊണ്ടുപോകാൻ തുടങ്ങി. ലക്ഷക്കണക്കിന് വാഴയിലയാണ് കൊണ്ടുപോകുന്നത്.

സദ്യയൊരുക്കാൻ ഉള്ള പഴം, പച്ചക്കറികൾ എന്നിവയുടെയൊക്കെ കയറ്റുമതിയും ആരംഭിച്ചു. മേട്ടുപ്പാളയം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നും പുറമേ, വിമാനത്താവള പരിസരങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വാഴയില ശേഖരിച്ചാണ് കയറ്റുമതി ചെയ്യുന്നത്.
ഓണം സീസണിൽ ആവശ്യക്കാർ കൂടിയതോടെ നേരത്തെ കിലോയ്ക്ക് 35 - 40 രൂപയ്ക്ക് ലഭിച്ചിരുന്ന വാഴയിലയുടെ വിലയും ഇരട്ടിച്ചതായാണ് കയറ്റുമതി ഏജൻസികൾ പറഞ്ഞിരിക്കുന്നത്.
കരിപ്പൂർ കേന്ദ്രീകരിച്ചുള്ള ഒരു ഏജൻസി കഴിഞ്ഞ ദിവസം ദുബായിലേക്ക് 2 ലക്ഷം വാഴയില ആണ് അയച്ചത് . ദുബായിലെ 4 കമ്പനികളിൽ നിന്നാണ് ഇത്രയും ഓർഡർ ലഭിച്ചതെന്നും കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം ആണ് കണ്ടെയ്നറുകളിൽ കയറ്റി അയച്ചതെന്നും ആണ് കരിപ്പൂരിലെ കെ എൻ പി എക്സ്പോർട്ടേഴ്സ് ഉടമ സുഫിയാൻ കാരി പറഞ്ഞത്.
വാഴയിലയും പഴവും പച്ചക്കറിയും അടക്കം ദുബായിലെ ഓണവിപണിയിലേക്ക് 60 കണ്ടെയ്നർ സാധനങ്ങൾ ആണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. അടുത്ത തിങ്കളാഴ്ച ദുബായിലെ ജബൽ അലി തുറമുഖത്തെത്തും. വലിയ വിമാനങ്ങളും കാർഗ വിമാനവും ഇല്ലാത്തതു കാെണ്ട് കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതി പ്രയാസമാണ് എന്നാണ് അഭിപ്രായം.
സർവീസ് നടത്തുന്ന ചെറു വിമാനങ്ങളിൽ പരമാവധി കയറ്റുമതി നടത്താനുള്ള ശ്രമമാണ്. കണ്ണൂരിൽ നിന്ന് ഇന്ന് ഷാർജയിലേക്ക് പഴം, പച്ചക്കറിയുമായി കാർഗോ വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. 23 മുതൽ 28 വരെ ഷാർജ, ഖത്തർ എന്നിവിടങ്ങളിലേക്കും കണ്ണൂരിൽ നിന്ന് കാർഗോ വിമാനങ്ങളുണ്ട്. കൂടുതലും ഗൾഫിലെ മാർക്കറ്റുകളിലേക്കാണ് ഓർഡർ.












Click it and Unblock the Notifications