എന്തൊരു വില്‍പ്പനയാണിത്; തിരുവോണം ബമ്പറിന് വന്‍ ഡിമാന്‍ഡ്, ഇതുവരെ വിറ്റത് 272 കോടിയുടെ ടിക്കറ്റുകള്‍
കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് ഇനിയും അഞ്ച് ദിവസമുണ്ട്. എന്നാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ഓണം ബമ്പര്‍. ഇത്തവണ 89.06 ശതമാനം ടിക്കറ്റുകളും വിറ്റഴിച്ചിരിക്കുകയാണ്. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 54.50 ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. ഇത് ഇന്നലെ വരെയുള്ള കണക്കാണ്.
അച്ചടിച്ചതില്‍ ഇനി ബാക്കിയുള്ളത് വെറും ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ്. 60 ലക്ഷം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതര്‍ കരുതുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡാണ് ഇത്തവണ ഓണം ബമ്പറിലൂടെ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ഇത്രയും ടിക്കറ്റുകള്‍ വിറ്റതോടെ 272.50 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഇന്നലെ മാത്രം രണ്ടേമുക്കാല്‍ ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കണോ എന്ന് ഇന്ന് വൈകീട്ടോടെ തീരുമാനിക്കും. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക.
സെപ്റ്റംബര്‍ പതിനെട്ടിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 500 രൂപയാണ്. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്നു. ഇത്തവണ ടിക്കറ്റ് നിരക്കും സമ്മാനത്തുകയും ഒരുമിച്ച് വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 12 കോടിയായിരുന്നു സമ്മാനത്തുക.
അതേസമയം സര്‍ക്കാരിന് 272 കോടി രൂപ മുഴുവനായും ലഭിക്കില്ല. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക, എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സര്‍ക്കാരിന് ലഭിക്കൂ. വിപണിയില്‍ മൊത്തക്കച്ചവടക്കാരുടെ കൈയ്യിലുള്ള സ്റ്റോക്കും തീര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ 124.5 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 60 ലക്ഷം ടിക്കറ്റുകളും വിറ്റു കഴിഞ്ഞാല്‍ ഇത്തവണ സര്‍ക്കാര്‍ ഖജനാവിലേക്ക് 240 കോടി രൂപ ലഭിക്കും. ടിക്കറ്റിന് വില കൂടിയിട്ടും ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല.
ടിക്കറ്റ് വില 500 രൂപയാക്കിയപ്പോള്‍ പലരും എതിര്‍പ്പറിയിച്ചിരുന്നു. ഇത്രയും വില കൊടുത്ത് ആരെങ്കിലും ടിക്കറ്റ് വാങ്ങുമോ എന്നായിരുന്നു ആശങ്ക. അതെല്ലാം വില്‍പ്പന തുടങ്ങിയതോടെ മാറിയിരിക്കുകയാണ്. അതിവേഗത്തിലായിരുന്നു വില്‍പ്പന.
നേരത്തെ ടിക്കറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ലോട്ടറി വകുപ്പ് പുതിയ ടിക്കറ്റുകള്‍ എത്തിക്കുന്ന സാഹചര്യവുമുണ്ടായി. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്.
ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക് ലഭിക്കും.
ഫ്‌ളൂറസെന്റ് മഷി ഉപയോഗിച്ചായിരുന്നു ടിക്കറ്റ് അച്ചടിച്ചത്. കേരളത്തിലെ ലോട്ടറിയില്‍ ഫ്‌ളുറസെന്റ് മഷി ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റുകള്‍ വീണ്ടും അച്ചടിക്കാന്‍ വരെ സാധ്യതയുണ്ട്.












Click it and Unblock the Notifications