തിരുവോണം ബംബർ അടിച്ചാല്‍ ഒരു ഗ്രാമം മൊത്തം ലക്ഷപ്രഭുക്കള്‍: 551 പേർ എടുത്തത് നൂറിലേറെ ടിക്കറ്റ്
കാസർകോട്: ആരാകും 25 കോടിയുടെ ആ മഹാഭാഗ്യവാന്‍.. അറിയാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും ലഭിക്കും. ഫലത്തില്‍ ഒരു ബംബർ ജേതാവ് അടക്കം 11 പേരാണ് ഇന്ന് കോടീശ്വരന്മാരാകാന്‍ പോകുന്നത്. ബംബർ ടിക്കറ്റ് വില്‍പ്പനയിലൂടെ സർക്കാറിനും ബംബർ അടിക്കുന്ന തരത്തിലുള്ള റെക്കോർഡ് വില്‍പ്പനയും ഇത്തവണ നടന്നു.
85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടക്കുമെന്നാണ് പ്രതീക്ഷ. ഒറ്റയ്ക്കും കൂട്ടായും ടിക്കറ്റ് എടുത്ത ലക്ഷക്കണക്കിന് ആളുകളാണ് ഫലം അറിയാനായി കാത്തിരിക്കുന്നത്.

ഒരു പക്ഷെ കേരളത്തില്‍ ഓണം ബംബർ കൂട്ടായി എടുത്ത ഏറ്റവും വലിയ സംഘം കാഞ്ഞങ്ങാടിന് സമീപത്തെ വെള്ളിക്കോത്ത് ഗ്രാമ നിവാസികളായിരിക്കും. ഓണം ബംബർ എടുക്കാനായി ഒരുമിച്ചത് ഈ ഗ്രാമത്തിലെ 551 പേരാണ്. അതായത് 25 കോടി രൂപ അടിച്ചാല്‍ ഒരാള്‍ക്ക് ലഭിക്കുക രണ്ടേകാല്‍ ലക്ഷം രൂപ മാത്രം. എങ്കിലും തങ്ങള്‍ക്ക് സന്തോഷം തന്നെയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
വെള്ളിക്കോത്തെ ഓട്ടോഡ്രൈവര്‍മാരാണ് എന്തുകൊണ്ട് നാട്ടുകാരെ മുഴുവന്‍ ഒരുമിപ്പിച്ച് ഒരു സംഘമായി ലോട്ടറി എടുത്തുകൂടായെന്ന ചിന്തയ്ക്ക് പിന്നില്‍. വലിയ സംഘമായി ഓണം ബംബർ ഉള്‍പ്പെടേയുള്ള ടിക്കറ്റുകള്‍ നേരത്തേയും എടുത്തിട്ടുണ്ടെങ്കിലും ഇത്രയധികം പേർ ഉദ്യമത്തിന്റെ ഭാഗമായി മാറുന്നത് ഇത് ആദ്യമായാണ്.
കഴിഞ്ഞ തവണ 250 പേരായിരുന്നു ഓണം ബംപർ എടുക്കാനുണ്ടായിരുന്നത്. നറുക്കെടുപ്പില്‍ 12000 രൂപ ലഭിക്കുകയും ചെയ്തു. അതായത് 100 രൂപ മുടക്കിയ ഒരാള്‍ക്ക് ലഭിച്ചത് 48 രൂപ മാത്രം. എങ്കിലും സന്തോഷം. ഇത്തവണയും ഒരാളില്‍നിന്ന് 100 രൂപ പ്രകാരമാണ് വാങ്ങിയത്. ആകെ 55,100 രൂപ ലഭിച്ചു. ഇത്രയും തുകകൊണ്ട് 500 രൂപ വിലയുള്ള ബമ്പര്‍ ടിക്കറ്റ് 110 എണ്ണം വാങ്ങി.
ലോട്ടറി ടിക്കറ്റ് തിരഞ്ഞെടുക്കുന്നതിലൂം അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പാലക്കാട്ടും തിരുവനന്തപുരത്തും എറണാകുളത്തും തൃശ്ശൂരിലുമൊക്കെ പോയി നേരിട്ടാണ് ടിക്കറ്റുകള്‍ തിരഞ്ഞെടുത്തത്. 100 രൂപ നല്‍കിയ 551 ആളുകളുടെയും പേരുകള്‍ ബോര്‍ഡില്‍ എഴുതി കവലയില്‍ സ്ഥാപിച്ചിട്ടുമുണ്ട്. കൂടെ ടിക്കറ്റിന്റെ ഒരു ഫോട്ടോയും.
അടിക്കുന്നത് വന്‍തുകയാണെങ്കില്‍ കിടപ്പുരോഗികളെ സാമ്പത്തികമായി സഹായിക്കുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നർ പറയുന്നത്. സമ്മർ ബംബറിന്റെ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ കൂട്ടായി എടുത്ത ടിക്കറ്റിനായിരുന്നു ലഭിച്ചത്. ഇതും വെള്ളിക്കോത്തുകാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications