ഓണം ബംപറില്‍ ശരിക്കും കോളടിച്ചത് സര്‍ക്കാരിന്; വരുമാനമായി ലഭിച്ച തുക എത്രയെന്നോ!?
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം തവണയും ഓണം ബംപറിന്റെ ഒന്നാം സമ്മാനം അതിര്‍ത്തി കടന്നതിന്റെ നിരാശയിലാണ് മലയാളികള്‍. കഴിഞ്ഞ തവണ തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു ഒന്നാം സമ്മാനമെങ്കില്‍ ഇത്തവണ കര്‍ണാടക സ്വദേശി അല്‍ത്താഫിനാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓണം ബംപറില്‍ കോളടിച്ചത് സംസ്ഥാന സര്‍ക്കാരിനാണ്.
പതിവ് പോലെ ഇത്തവണയും ഓണം ബംപറിലൂടെ കോടികളാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. കഴിഞ്ഞ തവണത്തെ അത്രയും ടിക്കറ്റ് ഓണം ബംപറില്‍ വില്‍ക്കാനായില്ലെങ്കിലും മോശമല്ലാത്ത വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 80 ലക്ഷം ടിക്കറ്റുകളാണ് ഓണം ബംപറിന്റെ ഭാഗമായി ഇത്തവണയും ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.

ഇതില്‍ 71.43 ലക്ഷം ടിക്കറ്റാണ് വിറ്റത്. 500 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില്‍പനയിലൂടെ മാത്രം 357.15 കോടി രൂപയാണ് ലോട്ടറി വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ ഓണം ബംപറിന്റെ ആകെ സമ്മാനത്തുക 125 കോടി രൂപയായിരുന്നു. ഇതില്‍ 55 കോടിയോളം 50 ലക്ഷത്തിന് മുകളിലുള്ള വലിയ സമ്മാനങ്ങളായിരുന്നു. ടിക്കറ്റ് വില്‍പനയിലെ 112.5 കോടിയും കമ്മീഷനും വിഹിതവും 19.64 കോടി നടത്തിപ്പ് ചെലവും 60.71 കോടി ജിഎസ്ടിയുമായി സര്‍ക്കാരിന് ലഭിക്കും.
ലോട്ടറി വകുപ്പിന്റെ അറ്റാദായമായി 38.76 കോടി രൂപയാണ് ലഭിക്കുക. ആദായ നികുതി, സെസ് തുടങ്ങി ഏകദേശം 24 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമെങ്കിലും അതില്‍ 10 കോടിയോളം രൂപ സംസ്ഥാന വിഹിതമായി തിരികെ കേരളത്തിന് തന്നെ ലഭിക്കും. അതായത് ഓണം ബംപറിലൂടെ മാത്രം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത് ഏകദേശം 109.47 കോടി രൂപയാണ്!
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ലോട്ടറി. കഴിഞ്ഞ വര്‍ഷം 11825 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 4560 കോടി രൂപയാണ് സര്‍ക്കാരിന് ലോട്ടറിയില്‍ നിന്ന് വരുമാനമായി ലഭിച്ചത്. സെപ്തംബറിലെ കണക്കും ഓണം ബംബറിന്റെ കണക്കും കൂട്ടാതെയാണിത്. ഓണം ബംപര്‍ നറുക്കെടുപ്പിന് പിന്നാലെ പൂജ ബംപറും ലോട്ടറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജ ബംപര്‍ ലോട്ടറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. ദിവസേന എടുക്കുന്ന നറുക്കെടുപ്പുകള്‍ക്ക് പുറമെ ഒരു വര്‍ഷത്തില്‍ നാല് ബംപര്‍ ലോട്ടറികളാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഓണം, വിഷു, പൂജ, ക്രിസ്തുമസ്-പുതുവത്സരം എന്നിവയോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ബംപര്‍ നറുക്കെടുപ്പുകള്‍ നടക്കുന്നത്.












Click it and Unblock the Notifications