ഒഞ്ചിയം,ഓർക്കാട്ടേരി അക്രമം-ക്രിമിനൽ,ഫാസിസ്റ്റ് തേർവാഴ്ചക്കെതിരെ മാർച്ച് 1ന് പ്രതിരോധ സംഗമം
വടകര:ഒഞ്ചിയത്തും,ഓർക്കാട്ടേരിയിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രിമിനൽ,ഫാസിസ്റ്റ് തേർവാഴ്ചക്കെതിരെ യുഡിഎഫും,ആർഎംപിഐയും സംയുക്തമായി മാർച്ച് ഒന്നിന് ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാഷ്ട്രീയ എതിർ ശബ്ദങ്ങളെ കായികമായി അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം ആസൂത്രിതമായി അഴിച്ചുവിട്ട അക്രമണ പരമ്പരകൾ ഈ മേഖലയിൽ സാമൂഹിക ജീവിതവും,ജനങ്ങളുടെ സ്വൈര്യ ജീവിതവും അസാധ്യമാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
സിപിഎം നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തത്തിലും,പോലീസിന്റെ സാന്നിധ്യത്തിലുമാണ് ഭീകരമായ അക്രമങ്ങളെല്ലാം അരങ്ങേറിയത്.എന്നാൽ ഏകപക്ഷീയമായി അക്രമം അഴിച്ചു വിട്ടിട്ടും ഒരു സിപിഎം പ്രവർത്തകനെ പോലും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.ഓർക്കാട്ടേരിയിൽ അക്രമം അരങ്ങേറുമ്പോൾ സംഭവ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തവരെയടക്കം സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ എടച്ചേരി സ്റ്റേഷനിൽ നിന്നും മോചിപ്പിച്ച് കൊണ്ടുപോയതായും നേതാക്കൾ ആരോപിച്ചു.

അക്രമം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ,പ്രതികളെ കണ്ടെത്താനോ പോലീസ് തയ്യാറായിട്ടില്ല.ഇപ്പോഴും ഭീതിയോടെ ജീവിക്കുന്ന ജനങ്ങൾക്ക് സ്വൈര ജീവിതം ഉറപ്പു വരുത്തേണ്ട എംഎൽഎ ഈ പ്രദേശം സന്ദർശിക്കാനോ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനോ ഉണ്ടാകാത്തത് കേരള ജനതയ്ക്ക് അപമാനമാണെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ കലക്റ്ററോ,പൊലീസോ സമാധാനത്തിനായി ശ്രമിക്കാത്തത് ഭരണാധികാരികളുടെ ചട്ടുകമായി പ്രവൃത്തിക്കുന്നത് കൊണ്ടാണെന്നും,നാട്ടിൽ കേൾക്കാൻ കഴിയാത്ത നീതി കേടാണ് രാഷ്ട്രീയ എതിരാളികളോട് കാണിക്കുന്നതെന്നും ഇവർ ആരോപിച്ചു.മാർച്ച് ഒന്നിന് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന പ്രതിരോധ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്യും.അബ്ദുറഹിമാൻ രണ്ടത്താണി,
കൽപ്പറ്റ നാരായണൻ,ചലച്ചിത്ര താരം മാമുക്കോയ,ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ജയരാജൻ,ആർഎംപിഐ ഓർക്കാട്ടേരി ലോക്കൽ സെക്രട്ടറി കെകെ ജയൻ,മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെകെ കുഞ്ഞമ്മദ്,എൻകെ യൂസഫ് ഹാജി,കോൺഗ്രസ്സ് നേതാവ് പറമ്പത്ത്
പ്രഭാകരൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications