'മുനീറിന് പോക്കറ്റ് മണി നൽകിയത് യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല', തുറന്നടിച്ച് കെടി ജലീൽ
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചുവെന്ന ഹര്‍ജിയില്‍ വിധി പറയാതെ ഫുള്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ് ലോകായുക്ത. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്തമായ നിലപാട് വന്നതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഹര്‍ജിയില്‍ ഫുള്‍ബെഞ്ച് വീണ്ടും വിശദമായ വാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും പ്രതിയായ കേസാണിത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലോകായുക്ത വിധിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെടി ജലീലിന് രാജി വെക്കേണ്ടി വന്നിരുന്നു. ബന്ധുനിയമന കേസിലെ വിധിയെ തുടർന്നായിരുന്നു ഇത്. ലോകായുക്ത സിറിയക് ജോസഫിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് കെടി ജലീൽ രംഗത്ത് വന്നിരുന്നു. അർഹതപ്പെട്ടവർക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകിയിട്ടുളളൂ എന്ന് ലോകായുക്ത തീരുമാനത്തിന് ശേഷം കെടി ജലീൽ പ്രതികരിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു "പുഴ" പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു?
തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം. സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടു വന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിൻ്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ UDF മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല.
എല്ലാം ഏത് സർക്കാരിൻ്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും. അന്നൊന്നുമില്ലാത്ത "ചൊറിച്ചിൽ"രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയൻ്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്. ''പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല"












Click it and Unblock the Notifications