ഉമ്മൻചാണ്ടി കുടുംബം തകര്‍ത്ത് മക്കളേയും എന്നെയും വേര്‍പെടുത്തി, പഴയ കഥകൾ പറയിപ്പിക്കരുത്': ഗണേഷിന്റെ മറുപടി
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചുവെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. തന്നെ ഉമ്മന്‍ചാണ്ടിയാണ് ചതിച്ചത് എന്നും തന്റെ കുടുംബം തകര്‍ത്തുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ 18 പേജുളള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണ് എന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചാണ്ടി ഉമ്മന്റെ പ്രസ്താവന.
എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയാതിരിക്കുകയാണ് നല്ലതെന്ന് ചാണ്ടി ഉമ്മന് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. പഴയ കഥകളൊക്കെ താനും പറയും. അത് പറയിപ്പിക്കാതിരിക്കുകയാണ് നല്ലത് എന്നും ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
ഗണേഷ് കുമാറിന്റെ വാക്കുകൾ: ''ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നും ഇല്ലേ. എന്റെ കുടുംബം തകര്‍ത്ത്, എന്റെ സകലതും പിടിച്ച് വാങ്ങി, എന്റെ മക്കളേയും എന്നെയും വേര്‍പെടുത്തി വിടാന്‍ മധ്യസ്ഥത വഹിച്ചതാണ് ഉമ്മന്‍ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയണ്ടേ. അതിന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ. പറയേണ്ട എന്ന് വിചാരിച്ചാലും വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ആരും ഇല്ല. അതോര്‍ത്താല്‍ നല്ലത്. വായില്‍ വിരല്‍ ഇടരുത്. ഞാന്‍ പഴയ കഥകളൊക്കെ പറയും.

മേലില്‍ ഇത് പറയരുത്. പറഞ്ഞാല്‍ അപകടമാകും. എനിക്കും പറയാനുണ്ട് ചെയ്ത ചതികളൊക്കെ. ആര് ആരെയാണ് ചതിച്ചത് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരുന്നതാണ്.. അത് മാത്രമേ ചാണ്ടി ഉമ്മനോട് പറയാനുളളൂ. കള്ളം പറയുന്നതും കള്ളസാക്ഷി പറയുന്നതും, തിരഞ്ഞെടുപ്പ് സമയത്ത് ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടി ഇല്ലാത്തത് പറയരുത്. ഇത് കഴിഞ്ഞ പ്രാവശ്യവും പറഞ്ഞു. ജഗദീഷ് മത്സരിച്ച സമയത്തും പറഞ്ഞില്ലേ. എന്നിട്ടെന്തായി. ജനങ്ങളെ കബളിപ്പിക്കരുത്. രാഷ്ട്രീയമൊക്കെ ശരിതന്നെ. അന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തിലില്ല.
ഞാന്‍ ചതിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ലല്ലോ. എന്ത് ചതിക്കാനാണ് ഉമ്മന്‍ചാണ്ടിയെ. എന്നയല്ലേ ചതിച്ചത്. ഞാനെന്ത് കുറ്റം ചെയ്തിട്ടാണ് മന്ത്രിസ്ഥാനം 2003ല്‍ രാജി വെച്ചത്. എന്ത് കേസാണ് എനിക്കെതിരെ ഉളളത്. സത്യസന്ധമായി ജീവിച്ചതാണ്. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ച് കൊടുക്കാത്തത് കൊണ്ടാണോ ഞാന്‍ രാജി വെച്ചത്.
ഒരു കുടുംബ വഴക്കിന്റെ പേരില്‍ മന്ത്രിയെ രാജി വെപ്പിച്ച്, തിരിച്ചെടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച് എല്ലാം കഴിഞ്ഞ ശേഷം ഞാന്‍ ചതിച്ചുവെന്ന് പറയുന്നത് ശരിയാണോ. ജീവിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ടോ ഞാന്‍ ചതിച്ചുവെന്നോ ദ്രോഹിച്ചുവെന്നോ. ആരോ പറയുന്നത് കേട്ട് കൂലിത്തല്ലുകാരനായി ഇറങ്ങരുത്, ഇറങ്ങിയാല്‍ പലതും പറയേണ്ടി വരും. അത് പറയിക്കേണ്ട എന്നാണ് മാന്യമായി പറയാനുളളത്.
സിബിഐ വന്ന് ചോദിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടി അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല എന്നാണ് അച്ഛന്‍ പറഞ്ഞത് എന്നാണ് മറുപടി നല്‍കിയത്. എനിക്ക് മിണ്ടാതിരുന്നാല്‍ പോരായിരുന്നോ. ഉമ്മന്‍ചാണ്ടി ഒരു നല്ല മനുഷ്യന്‍ ആയിരുന്നെങ്കില്‍ ഞങ്ങളെ യോജിപ്പിച്ച് വിടാത്തതെന്തേ. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം കലാപരിപാടിയുമായി ഇറങ്ങരുത്. അത് അന്തസ്സിന് നിരക്കുന്ന പരിപാടിയല്ല''.












Click it and Unblock the Notifications