കൊവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് എകെജി സെന്ററില്‍ നിന്ന്; രൂക്ഷവിമര്‍ശനവുമായി വിഡി സതീശന്‍
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യത്തിനു വേണ്ടിയാണ് കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വളച്ചൊടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ടി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ മാനദണ്ഡങ്ങള്‍ മാറ്റി. ഇന്ന് സമ്മേളനം തുടങ്ങുന്ന തൃശൂര്‍, കാസര്‍കോട് ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് ഈ ജില്ലകളില്‍ ഒരു തരത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളുമി്‌ല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.
ഇന്നലത്തെ ടി.പി.ആര്‍ നിരക്ക് കാസര്‍കോട് 36, തൃശൂര്‍ 34 എന്നിങ്ങനെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലാത്ത ഈ രണ്ടു ജില്ലകളെയും കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയത് സി.പി.എമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ്. ടി.പി.ആര്‍ ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന ഈ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കി മൂന്നൂറും നാനൂറും പേരെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.

തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിക്കും എം.എല്‍.എയ്ക്കും നൂറു കണക്കിന് നേതാക്കള്‍ക്കും രോഗം ബാധിച്ചു. ആ പരിപാടിയില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ ക്വാറന്റൈനില്‍ പോകാതെ വിവിധ ജില്ലകളില്‍ രോഗവാഹകരായി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ വളച്ചൊടിച്ചത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. സി.പി.എം വാശിയോടെയാണ് പൊതുജനങ്ങളോട് പെരുമാറുന്നത്. എന്ത് കോവിഡ് വന്നാലും പാര്‍ട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്നതാണ് അവരുടെ വാശി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളുള്ള ജില്ലയാണ് തൃശൂര്‍. അവിടെയാണ് പാര്‍ട്ടി സമ്മേളനം നടത്തുന്നത്. എല്ലാവരും വീട്ടില്‍ ഇരുന്ന് ചികിത്സ നടത്തണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നിട്ട് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണമെടുത്തു. മൂന്നാം തരംഗത്തില്‍ മരുന്ന് ഉള്‍പ്പെടെയുള്ള ഒരു സംവിധാനങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലില്ല.
ആരോഗ്യ വകുപ്പ് പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. ആരോഗ്യ സെക്രട്ടറിയും എന്‍.ആര്‍.എച്ച്.എം ഡയറക്ടറും വിദഗ്ധ സമിതി ചെയര്‍മാനും എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കോവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇന്നലെ കാസര്‍കോട് കളക്ടര്‍ എല്ലാ പൊതുപരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. എന്നാല്‍ രാത്രിയായപ്പോള്‍ കളക്ടറെക്കൊണ്ട് സി.പി.എം ഉത്തരവ് പിന്‍വലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.
രോഗികളോട് ആശുപത്രികളില്‍ പോകേണ്ടെന്നും ഹോം കെയര്‍ നിര്‍ദ്ദേശിച്ചതും സര്‍ക്കാരാണ്. എന്നിട്ടാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതിന്റെ നാലും അഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം. പലരും ടെസ്റ്റ് പോലും ചെയ്യാതെ വീടുകളില്‍ കഴിയുകയാണ്. രോഗബാധിതരോട് വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതോടെ കുടുംബത്തിലെ എല്ലാവരും പോസിറ്റീവാകുന്ന അവസ്ഥയാണ്. മൂന്നാം തരംഗത്തെ നേരിടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഒരു പ്ലാന്‍ ഒഫ് ആക്ഷനും ഇല്ല.
ആരോഗ്യവകുപ്പ് മന്ത്രിയെ മൂലയ്ക്കിരുത്തി ചിലര്‍ ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മന്ത്രിക്ക് വെറുതെ യേഗത്തില്‍ പോയി ഇരിക്കാമെന്നേയുള്ളൂ. രണ്ടു ജില്ലകളെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടി.പി.ആര്‍ നിരക്കില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ ഒത്തുചേരുന്നത് നിയമപരിമായി ശെരിയാണോ ? ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷത്തെ 5 പേര്‍ ചേര്‍ന്ന് നടത്തിയ സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ തിരുവാതിരകളിയും ആഘോഷവും എല്ലാം നടത്തുകയാണ്. സി.പി.എമ്മിന് ഒരു നിയമം മറ്റുള്ളവര്‍ക്ക് മറ്റൊന്ന് എന്ന നയമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications