വിശാല പ്രതിപക്ഷ യോഗം നാളെ: പോരുമുറുക്കി നേതാക്കള്‍, മോദിയെ താഴെയിറക്കും, വിട്ടുകൊടുക്കാതെ ബിജെപിയും
ഡല്‍ഹി: പട്നയില്‍ നാളെ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മുന്നോടിയായി വാക്പോര് ശക്തമാക്കി ഭരണ-പ്രതിപക്ഷ പാർട്ടി നേതാക്കള്‍. ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷം വഴി കണ്ടെത്തുമെന്നും ജനാധിപത്യപരവും സോഷ്യലിസ്റ്റ് അധിഷ്ഠിതവുമായ ഭരണഘടനയെ മാനിക്കുന്ന സർക്കാർ ഉടൻ തന്നെ ഡൽഹിയിൽ രൂപീകരിക്കുമെന്നും സമാജ്‌വാദി പാർട്ടി വക്താവ് സുനിൽ സിംഗ് അഭിപ്രായപ്പെട്ടു
സീറ്റ് വിഭജന ഫോർമുല ചർച്ചയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ഇപ്പോള്‍ പ്രധാന്യമില്ലെന്ന് ബീഹാർ മന്ത്രിയും ജെ ഡി യു നേതാവുമായ വിജയ് ചൗധരിയും വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ നാളത്തെ യോഗം അവസാനത്തേതാവില്ല. അതുകൊണ്ട് തന്നെ സീറ്റ് ചർച്ചകൾ പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

"ഇത് പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗമാണ്, അവസാനത്തേത് അല്ല. നാളെ, എല്ലാ പാർട്ടികളും എങ്ങനെ ഒരുമിച്ച് മത്സരിക്കണമെന്ന് (2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ) ചർച്ച ചെയ്യും. സീറ്റ് പങ്കിടൽ ഫോർമുല പിന്നീട് ഉരുത്തിരിഞ്ഞു വരാം," ചൗധരി പറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഒരു പാർട്ടിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സീറ്റ് പങ്കിടൽ ഫോർമുല നിർണായക യോഗത്തിൽ ജനതാദളും (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദളും (ആർജെഡി) നിർദ്ദേശിച്ചേക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ലോക്സഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത ലാലു പ്രസാദ് യാദവിന്റെ പാർട്ടിയാണ് 303 സീറ്റുള്ള ഒരു പാർട്ടിയെ വെല്ലുവിളിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് സുശീല്‍ കുമാർ മോദിയുടെ പരിഹാസം. 2024 ല്‍ ബിഹാർ 40ൽ 40 ലോക്‌സഭാ സീറ്റുകളും പ്രധാനമന്ത്രി മോദിക്ക് നൽകുമെന്നും നേരത്തെ ജെഡിയു-ബിജെപി സഖ്യ സർക്കാറിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാർ മോദി കൂട്ടിച്ചേർത്തു.
ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും വലിയ ജനപിന്തുണ നേടാന്‍ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര കലഹങ്ങളും പരാജയ ഭീതിയുടെ മാനസികാവസ്ഥയും പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണെന്ന് മറ്റൊരു ബിജെപി നേതാവായ രാം കദവും അഭിപ്രായപ്പെട്ടു. 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും കദം പറഞ്ഞു.
പട്നയിലേക്ക് വരുന്ന നേതാക്കള്‍
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവർ നാളത്തെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയെ പ്രതിപക്ഷ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ജെഡിയു മുഖ്യ വക്താവ് കെ സി ത്യാഗിയും അറിയിച്ചു. '2024ൽ ബിജെപിക്കെതിരെ പോരാടാൻ തയ്യാറുള്ള പാർട്ടികളെ ഞങ്ങൾ ക്ഷണിച്ചു' എന്നായിരുന്നു ബിഎസ്പിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ത്യാഗിയുടെ മറുപടി.












Click it and Unblock the Notifications