എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന് ഗുണകരമല്ല;എളമരം കരീം
ദില്ലി; രാജ്യസഭയിൽ നിന്നും 12 എംപിമാരെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് എളമരം കരീം എംപി.പാർലമെന്റിനെ ബി ജെ പി സർക്കാർ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കിമാറ്റുകയാണെന്ന് എളമരം കുറ്റപ്പെടുത്തി. ർച്ചകൾ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങൾ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബി ജെ പി വീണ്ടും തെളിയിച്ചിരിക്കുന്നു. എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമല്ലെന്നും അദ്ദേഹം പരഞ്ഞു. എളമരം രീമിന്റെ വാക്കുകളിലേക്ക്

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെന്റിനെ ബിജെപി സർക്കാർ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കിമാറ്റുകയാണ്. ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭീരുത്വവും വിമർശനങ്ങളോടും ചർച്ചകളോടുമുള്ള അസഹിഷ്ണുതയുമാണ് ഇന്ന് വെളിവായത്. ചർച്ചകൾ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങൾ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നു.
അസാധാരണ സംഭവങ്ങളാണ് ബിജെപി ഭരണത്തിന്കീഴിൽ പാർലമെന്റിൽ നടക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൻമേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ലോകസഭയിലേത് പോലെ രാജ്യസഭയിലും ചർച്ച നിഷേധിച്ചു. കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിയെങ്കിലും പ്രതിപക്ഷ ആവശ്യം സഭാധ്യക്ഷൻ നിരാകരിച്ചു. 2020ൽ എങ്ങനെയാണോ കർഷക നിയമങ്ങൾ പാസാക്കിയത് അതുപോലെതന്നെ ചർച്ച അനുവദിക്കാതെയാണ് പിൻവലിക്കാനുള്ള ബില്ലും പാസാക്കിയത്. ഭരണഘടനയും സഭാ ചട്ടങ്ങളും ഇത്തരത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. ഈ സാഹചര്യത്തിൽ ശക്തമായി പ്രതിഷേധിക്കുകയല്ലാതെ മറ്റു മാർഗമില്ല. എന്നാൽ ഈ പ്രതിഷേധങ്ങളെ വക്രീകരിച്ച് പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കി ചിത്രീകരിക്കാനാണ് രാജ്യസഭ ചെയർമാനും ഭരണ കക്ഷിയും ശ്രമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിർക്കാനും അതിനെതിരെ സഭാനടപടികൾക്ക് അനുസൃതമായി പ്രതികരിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലും അനുവദിക്കാതിരിക്കുമ്പോൾ എംപിമാർ എന്തുചെയ്യണം? കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാർ ഉയർത്തിയ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പെഗാസസ്, കാർഷിക നിയമങ്ങൾ എന്നീ വിഷയങ്ങളിൽ മുൻ നിലപാട് തിരുത്താൻ സർക്കാർ നിർബന്ധിതരായി. ജനങ്ങൾക്കുമുന്നിൽ മുഖം നഷ്ടപ്പെട്ട മോഡി സർക്കാർ ആ ജാള്യത മറയ്ക്കാനുള്ള ഒരു ഉപായം എന്നോണമാണ് ഞങ്ങൾക്കെതിരെ സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ സംഭവത്തിന്റെ പേരിൽ നടപ്പ് സമ്മേളനത്തിൽ നടപടി എടുക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
പാർലമെന്ററി ജനാധിപത്യത്തെ സർക്കാർ അവഹേളിക്കുകയാണ്. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ പറയുന്നു. അന്വേഷണസമിതി പ്രതിപക്ഷത്തെ കണ്ടിട്ടില്ല. എംപിമാരെ ആക്രമിച്ച സുരക്ഷ ജീവനക്കാർക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പരാതി നൽകിയിരുന്നു. ഈ പരാതികളിന്മേൽ നടപടി എടുത്തിട്ടില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഭാവിപരിപാടികൾ ആലോചിക്കാൻ ചൊവ്വാഴ്‌ച രാവിലെ 10നു പ്രതിപക്ഷകക്ഷികളുടെ യോഗം ചേരുന്നുണ്ട്. ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾ തുറന്നുകാണിക്കാൻ ലഭിച്ച ഒരു അവസരമാണ് ഈ സസ്പെൻഷൻ, എളമരം കരീം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
Recommended Video
എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്റ് ചെയ്തത്.വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി.ഫുലോ ദേവി നേതാം (കോണ്‍ഗ്രസ്), ഛായാ വര്‍മ (കോണ്‍ഗ്രസ്), ഋപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), സെയ്ദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), പ്രിയങ്കാ ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.












Click it and Unblock the Notifications