തൊഴിലിടത്തെ അമിത സമ്മര്‍ദം: പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരളയുടെ ഫോര്‍ അന്ന, ഫോര്‍ ഓള്‍ ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം: യുവതലമുറ തൊഴിലിടത്തില്‍ നേരിടുന്ന അമിതമായ സമ്മര്‍ദത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിനുമായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരള. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. തൊഴിലിടത്തിലെ അമിതമായ സമ്മര്‍ദം താങ്ങാനാകാതെ മലയാളിയായ അന്ന സെബാസ്റ്റ്യന്‍ (26) എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ അകാലമരണമാണ് ക്യാമ്പയിന് പ്രേരണയായത്.
ഫോര്‍ അന്ന, ഫോര്‍ ഓള്‍ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യം രാജ്യത്തെ പ്രൊഫഷണലുകളുടെ തൊഴിലിടത്തെ സമ്മര്‍ദത്തിനു പരിഹാരം കാണുക എന്നതാണ്. അതിനായുള്ള ചര്‍ച്ചകളാണ് ക്യാമ്പയില്‍ നടത്തിയത്.

ദേശീയതലത്തില്‍ തന്നെ ഏറെ ഞെട്ടലും ചര്‍ച്ചയും ഉയര്‍ത്തിയ സംഭവമായിരുന്നു അന്ന സെബാസ്റ്റ്യന്റെ അകാലമരണം. ഇനിയൊരു അന്ന സെബാസ്റ്റ്യന്‍ രാജ്യത്ത് ആവര്‍ത്തിക്കരുതെന്ന് പ്രഖ്യാപിച്ചാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഫോര്‍ അന്ന, ഫോര്‍ ഓള്‍ എന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായത്.
2026 ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ ഓഫീസ് വെല്‍നെസ് ബില്‍ പാസാക്കുമെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് ദീപാ ദാസ് മുന്‍ഷി പ്രഖ്യാപിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഓഫീസ് വെല്‍നെസ് ബില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെലേക്കും നടപ്പാക്കേണ്ടത് അനിവാര്യാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇത്തരമൊരു നിയമം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വര്‍ക്കിംഗ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല സൂചിപ്പിച്ചു.
വരുന്ന നാലു മാസങ്ങള്‍ക്കുള്ളില്‍ ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ ഭാരവാഹികള്‍ കേരളത്തിലെ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പ്രൊഫഷണലുകളുമായും ആരോഗ്യ-സാങ്കേതിക രംഗത്തെ വിദഗ്ധരുമായും സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് അവയെല്ലാം ക്രോഡീകരിച്ച് ബില്ലിന്മേലുള്ള സംഘടയുടെ നിര്‍ദേശങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിക്കുമെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ ജോലി സമ്മര്‍ദം പ്രൊഫഷനലുകളുടെ മാനസിക ശാരീരികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുന്നു. പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന ബഹുരാഷ്ട കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ അന്നാ സെബാസ്റ്റ്യന് കടുത്ത ജോലി സമ്മര്‍ദം മൂലം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. നിരവധി പ്രൊഫഷണലുകള്‍ ജീവിതം അവസാനിപ്പിക്കുന്ന നിലയില്‍ കാര്യങ്ങള്‍ എത്തി. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റ ആഭിമുഖ്യത്തില്‍ ഓഫീസ് വെല്‍നെസ് ബില്‍ എന്ന ആവിശ്യം ഉയര്‍ത്തുകയും അതിന്റെ മുന്നോടിയായി ഫോര്‍ അന്ന, ഫോര്‍ ഓള്‍ എന്ന പ്രചാരണ പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ഇരുപത് ലക്ഷം പ്രൊഫഷണലുകള്‍ക്കു വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായ പബ്ലിക് കോണ്‍സ്റ്റലേഷന്‍ മീറ്റിങ്ങുകള്‍ ഇന്നലെ തിരുവനന്തപുരം മാസ്‌ക്റ്റ് ഹോട്ടലില്‍ ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമായ സ്പീക്ക് അപ് പ്രോഗ്രാമില്‍ ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പങ്കുവച്ചു. രണ്ടാം ഘട്ടത്തിലെ പബ്ലിക് കോണ്‍സ്റ്റലേഷന്‍ മീറ്റിംഗുകളില്‍ ഓഫീസ് വെല്‍നെസ് ബില്ലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്തിനായി വിവിധ മേഖലയിലെ വിദഗ്ധരുമായി പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
ഇന്നലെ തിരുവനന്തപുരത്തു നടന്ന ആദ്യയോഗത്തില്‍ നൂറിലേറെ വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, അന്നാ സെബാസ്റ്റ്യന്റെ മാതാപിതാക്കള്‍, കേരള കാര്‍ഷിക സര്‍വ്വകലശാല വിസി ഡോ ബി അശോക്, മുന്‍ എംഎല്‍എ കെഎസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications