ശശി ഭരണ രംഗത്ത് പരിചയമുള്ളയാള്‍; നിയമനത്തെ എതിര്‍ത്തിട്ടില്ലെന്ന് പി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനത്തെ സി പി ഐ എം സംസ്ഥാന സമിതിയില്‍ താന്‍ എതിര്‍ത്തുവെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി സി പി ഐ എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. പി ശശി ഭരണ രംഗത്ത് പരിചയമുള്ള ആളാണെന്നും പാര്‍ട്ടി സംസ്ഥാന സമിതി ഏകകണ്ഠമായാണ് നിയമനം അംഗീകരിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ശശിയുടെ നിയമനത്തില്‍ താന്‍ വിമര്‍ശനം ഉന്നയിച്ചു എന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ താനും പങ്കെടുത്തിരുന്നു. തീരുമാനത്തില്‍ താനും പങ്കാളിയാണെന്നും പി ജയരാജന്‍ പറഞ്ഞു. മറ്റ് ഒരു വിഷയത്തിലും ഇപ്പോള്‍ പ്രതികരണമില്ല. സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ച പുറത്ത് പങ്ക് വെക്കാനുള്ളതല്ല.

പി ശശിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എല്ലാം പാര്‍ട്ടി കൃത്യമായി പരിശോധിച്ചാണല്ലോ തീരുമാനമെടുത്തതെന്നും അതില്‍ താനും പങ്കാളിയാണെന്ന് പി ജയരാജന്‍ പറഞ്ഞു. നേരത്ത ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും സംസ്ഥാന സമിതിയില്‍ ജയരാജന്‍ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്.
ചുമതലാ വിഭജനത്തെ ചൊല്ലിയും സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും പിണറായി വിജയനുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി തന്നെയായിരുന്നു പി ശശി.
സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐ എ എസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് മുതല്‍ക്കൂട്ടാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റിം അംഗവുമായ തോമസ് ഐസക്കിനാണ് പാര്‍ട്ടിയുടെ മുഖ മാസികയായ ചിന്തയുടെ ചുമതല. പി ബിയില്‍ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളക്കാണ് ഇ എം എസ് എ കെ ജി അക്കാദമിയുടെ ചുമതല.












Click it and Unblock the Notifications