Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ച കലര്‍ന്ന ചുവപ്പ്; കെടി ജലീലും പുസ്തകമെഴുതുന്നു, പ്രധാന അധ്യായം പുറത്ത്,ലക്ഷ്യം ജമാഅത്തെ ഇസ്ലാമി

മുന്‍ മന്ത്രിയും സി പി എം സഹയാത്രികനുമായ കെടി ജലീല്‍ എം എല്‍ എയും പുസ്തക രചനയിലേക്ക്. "പച്ച കലർന്ന ചുവപ്പ്" എന്നാണ് കെടി ജലീല്‍ തന്റെ പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. എഴുതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം കെടി ജലീല്‍ തന്നെ ഇന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നു. 'സിഎച്ചിനെ അവഗണിച്ച ജമാഅത്തെ ഇസ്ലാമി' എന്ന പതിനാറാം അധ്യായമാണ് ജലീല്‍ പുറത്ത് വിട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷട്ര വാദത്തെ പല്ലും നഖവും ഉപയോഗിച്ച് സിഎച്ച് എതിർത്തു. ജമാഅത്തെ ഇസ്ലാമിയുടെ എടുത്തു പറയത്തക്ക ഒരു പരിപാടിയിലും സിഎച്ച് പങ്കെടുത്തതായി അറിവില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ജലീലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

സിഎച്ചിനെ അവഗണിച്ച ജമാഅത്തെ ഇസ്ലാമി ------------------------------------- (എഴുതി പൂർത്തിയായിക്കൊണ്ടിരിക്കുന്ന "പച്ച കലർന്ന ചുവപ്പ്" എന്ന പുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തിൽ നിന്ന്)
ചെറുപ്പത്തിലേ സി.എച്ച് മുഹമ്മദ് കോയാ സാഹിബിനെ വലിയ ഇഷ്ടമാണ്. ഞാൻ കുട്ടിയായിരുന്ന കാലത്ത് ഒരിക്കൽ വളാഞ്ചേരിയിൽ ലീഗിൻ്റെ ഒരു സമ്മേളനം നടക്കുന്നു. നിനച്ചിരിക്കാതെ ഒരു കാർ ലീഗ് സമ്മേളന വേദിയിലേക്ക് പതുക്കെ വരുന്നത് കണ്ടു. ആളുകൾ ആവേശഭരിതരായി ഇരുഭാഗത്തും നിന്ന് വാഹനത്തിന് വരാൻ വഴിയൊരുക്കുന്നു. മറ്റു ചിലർ സി.എച്ചിന് സിന്ദാബാദും വിളിക്കുന്നുണ്ട്. രണ്ടുപേർ കാറിൽ നിന്നിറങ്ങി സ്റ്റേജിലേക്ക് കയറി. ഉയരം കുറഞ്ഞ് തൊപ്പിയിട്ടയാൾ സിഎച്ചാണെന്ന് മനസ്സിലായി. പൊക്കമുള്ള തൊപ്പിയിട്ടയാൾ സീതിഹാജിയാണെന്ന് അടുത്തുള്ളവർ പറഞ്ഞറിഞ്ഞു. അവരെ കണ്ട പാടെ ജനം ആർത്തിരമ്പി. കൊരമ്പയിൽ അഹമ്മദാജിയുടെ തെരെഞ്ഞെടുപ്പ് പ്രചരണമാണെന്നാണ് ഓർമ്മ. സിഎച്ച് പ്രസംഗം തുടങ്ങിയത് അവ്യക്തമായി ഓർക്കുന്നു.

kt jaleel

"സുദീർഘമായി പ്രസംഗിക്കുന്ന കൊരമ്പയിൽ അഹമ്മദാജിയും ദീർഘമായി മാത്രം പ്രസംഗിക്കാറുള്ള സീതി ഹാജിയും വേദിയിലുള്ളപ്പോൾ നീണ്ട ഒരു പ്രസംഗത്തിന് ഞാൻ മുതിരുന്നില്ല". പിന്നെ വാക്കുകളുടെ കുത്തിയൊഴുക്കായിരുന്നു. തുടർന്ന് സംസാരിച്ചത് സീതി ഹാജിയാണ്. കോവളത്ത് കടലിനടുത്തുള്ള മുസ്ലിം പള്ളി പൊളിക്കാൻ കരുണാകരൻ പറഞ്ഞത്രെ. മിനാരമുള്ളതിനാൽ യുദ്ധവേളയിൽ ശത്രു സൈന്യം അത് ബോംബിട്ട് തകർക്കുമെന്ന കാരണവും അദ്ദേഹം നിരത്തി. അങ്ങിനെ തകർത്താൽ നിങ്ങൾക്ക് ഛേദമൊന്നുമില്ലെന്ന് കരുണാകരൻ്റെ മുഖത്ത് നോക്കി സി.എച്ച് പറഞ്ഞെന്നും മറ്റുമൊക്കെ സീതിഹാജി സരസമായി തട്ടിവിട്ടു.

ആദ്യമായി സി.എച്ചിനെയും സീതിഹാജിയേയും ഞാൻ കാണുന്നത് അന്നാണ്. പിന്നെ സി.എച്ചിനെ കണ്ടത് വളാഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ വെച്ചാണ്. ഒരു വെള്ളിയാഴ്ച. ജുമുഅ നമസ്കാരത്തിന് വഴിമദ്ധ്യേ കയറിയതാണ്. നമസ്കാരം കഴിഞ്ഞപ്പോൾ പാലാറ ഹംസ ഹാജിയും വെൽഡൻ കുഞ്ഞിമുഹമ്മദ് ഹാജിയും സിഎച്ചിൻ്റെ അടുത്ത് ചെന്ന് കൈപിടിച്ച് കാറിനടുത്തേക്ക് ആനയിച്ചതും യാത്രയാക്കിയതും ഓർക്കുന്നു. മൂന്നാമത്തെ കാഴ്ച വളാഞ്ചേരി പഴയ ചന്തയുടെ മുന്നിൽ കോഴിക്കോട് റോഡിൽ വെച്ചാണ്. ബനാത്ത് വാലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ആര്യാടൻ മുഹമ്മദാണ് എതിർ സ്ഥാനാർത്ഥി. യു കോൺഗ്രസ് അന്ന് ഇടതുപക്ഷത്താണ്. "മുസ്ല്യാർക്ക് കിട്ടിയ ചട്ടി പോലെയാണ് ആര്യാടന് ലഭിച്ച പൊന്നാനി സീറ്റെന്ന്'' സി.എച്ച് കളിയാക്കിയത് ഇപ്പോഴും മറന്നിട്ടില്ല. വല്ലിമ്മാക്ക് മൂത്രമൊഴിക്കാനും മുസ്ല്യാർക്ക് ചോറ് വിളമ്പാനും ഒറ്റച്ചട്ടിയാണെന്ന് നിഷ്കളങ്കമായി പറഞ്ഞ ഒരു കുട്ടിയുടെ കഥ പറഞ്ഞായിരുന്നു സിഎച്ചിൻ്റെ പരിഹാസം. ജനങ്ങളെ കുത്തിയിളക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. പിന്നെ സിഎച്ചിനെ കണ്ടത് ചേന്ദമംഗല്ലൂരിൽ പഠിക്കുന്ന സമയത്താണ്.

ചേന്ദമംഗല്ലൂരിലെ ആദ്യ രണ്ട് വർഷവും സജീവ എം.എസ്.എഫു കാരനായിത്തന്നെ ഞാൻ നിലകൊണ്ടു. ഹൈസ്കൂളിലെ എംഎസ്എഫ് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ഞാനടക്കമുള്ളവരാണ്. അതിലൊരു നീരസം കോളേജ് അധികൃതർക്ക് എന്നോട് ഉണ്ടായിരുന്നു. ആയിടക്കാണ് സി.എച്ച് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിൻ്റെ വാർഷികത്തിന് വരുന്നുണ്ടെന്ന് ചന്ദ്രിക പത്രത്തിലൂടെ അറിയുന്നത്. വാർഡനോട് നാട്ടിലേക്കാണെന്നും പറഞ്ഞ് നേരെ അരീക്കോട്ടേക്ക് വിട്ടു. ഞാൻ സദസ്സിൽ എത്തുമ്പോൾ സി.എച്ച് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം തീരെ അവശനായിട്ടാണ് കാണപ്പെട്ടത്. സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹം സ്ഫുടമായി നല്ല ശബ്ദത്തിൽ ഖുർആനിൽ നിന്നുള്ള ഒരു സൂക്തത്തിൻ്റെ അവസാന വാചകത്തിൽ എത്തിയിരുന്നു. "ജബ്ബാറുൽ മുതകബ്ബിർ" എന്ന് പറഞ്ഞ് പ്രസംഗം നിർത്തുന്നതാണ് ഞാൻ കേട്ടത്. ലീഗുകൾ ലയിക്കണമെന്ന മോഹം സമുദായ സ്നേഹികൾക്കിടയിൽ മൊട്ടിട്ട കാലമായതിനാൽ ഇരു ലീഗുകകളുടെയും (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെയും അഖിലേന്ത്യാ മുസ്ലിംലീഗിൻ്റെയും) തലപ്പത്തുള്ള രണ്ട് സമുന്നത നേതാക്കൾ സിഎച്ചും എംകെ ഹാജിയും ഒരുമിച്ച് പങ്കെടുക്കുന്ന യോഗമായതിനാൽ നല്ല ജനക്കൂട്ടം അവിടെ സമ്മേളിച്ചിരുന്നു. തൻ്റെ പ്രസംഗം കഴിഞ്ഞ് സി.എച്ച് ഇരിപ്പിടത്തിലേക്ക് പോകവെ എംകെ ഹാജിയെ കെട്ടിപ്പിടിച്ച് ഗാഢമായി ആലിംഗനം ചെയ്തത് സദസ്സ്യരെ ആവേശം കൊള്ളിച്ചതായി ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. സി.എച്ചിനെ കാണുകയും കേൾക്കുകയും ചെയ്ത സംതൃപ്തിയോടെ രാത്രി അരീക്കോടിനടുത്തുള്ള കിഴുപറമ്പിലെ ബഷീറിൻ്റെ വീട്ടിലേക്കാണ് പോയത്.

ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കവെയാണ് നടുക്കുന്ന ആ ദു:ഖ വാർത്ത കേരളത്തെയാകെ കണ്ണീരണിയിച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹൈദരബാദിൽ പോയതാണ്. തലച്ചോറിലേക്ക് രക്തസ്രവം ഉണ്ടായതിനെ തുടർന്ന് അവിടെവെച്ച് അദ്ദേഹം മരണപ്പെട്ടു. മൃതദേഹം നേരെ തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെച്ചു. മണിക്കൂറുകൾ സിഎച്ചിനെ ഒന്ന് കണ്ട് അന്ത്യോപചാരമർപ്പിക്കാൻ ആളുകളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ശേഷം കോഴിക്കോട് ടൗൺഹാളിനെ ലക്ഷ്യമാക്കി സിഎച്ചിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള ഹെലികോപ്റ്റർ പറന്നു. സ്വന്തം വീട്ടിൽ ആരോ മരിച്ചത് പോലെയാണ് സി.എച്ചിൻ്റെ വിയോഗം എന്നിലുണ്ടാക്കിയ വികാരം. കക്ഷിരാഷ്ട്രീയം മറന്ന് കേരളം തേങ്ങി. സി.എച്ചിനെ ഒരു നോക്കു കാണാൻ പതിനായിരത്തിൽ ഒരുവനായി കോഴിക്കോട് ടൗൺ ഹാളിൻ്റെ മുന്നിലെ നീണ്ട ക്യൂവിൽ പതിനാറുകാരനായ ഞാനും ഇടം പിടിച്ചു. ആ ദിവസം ആകാശവും കണ്ണീർ പൊഴിച്ചു. മഴത്തുള്ളികളായി അത് ഭൂമിയിലേക്ക് നിപതിച്ചു.

കുടയില്ലാത്തതിനാൽ മഴ മുഴുവൻ ശരീരം കൊണ്ട് തടുത്തു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തിക്കിയും തിരക്കിയും ഒരുവിധം ഹാളിനുള്ളിൽ കയറിക്കൂടി. ചേതനയറ്റ് കിടന്ന സി.എച്ചിൻ്റെ തുടുത്ത മുഖം അവസാനമായി കണ്ടു. മയ്യിത്ത് പള്ളിയിലേക്ക് എടുക്കുന്നത് വരെ പുറത്ത് വീണ്ടും അനന്തമായി കാത്ത് നിന്നു. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കു കാണാൻ അണിനിരന്ന ആയിരങ്ങൾക്ക് നിരാശയോടെ നടക്കാവിലെ പള്ളിയെ ലക്ഷ്യമാക്കിയുള്ള വിലാപയാത്രയിൽ അണിചേർന്ന് തൃപ്തിപ്പെടേണ്ടി വന്നു. അന്ന് വൈകുന്നേരം മാനാഞ്ചിറ മൈതാനിയിൽ അനുസ്മരണ സമ്മേളനമുണ്ടാകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതിൽ പങ്കുകൊള്ളാൻ പള്ളിപ്പരിസരത്തുനിന്ന് മാനാഞ്ചിറ മൈതാനത്തേക്ക് കുതിച്ചു. ആരും എനിക്ക് കൂട്ടുണ്ടായിരുന്നില്ല. ദു:ഖത്തിൽ ഏകനാകുന്നതാകും നല്ലതെന്ന് ആ ദിവസം എന്നെ ബോദ്ധ്യപ്പെടുത്തി.

വാർഡൻ വി.പി ഉസ്താദ് സി.എച്ചിൻ്റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ എതിർത്തൊന്നും പറയാതെ സമ്മതം മൂളി. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ സി.എച്ചിനോടുള്ള തൻ്റെ അടുപ്പം മുഴുവൻ തുറന്ന് പറഞ്ഞാണ് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തത്. ഇടക്കൊക്കെ അദ്ദേഹത്തിൻ്റെ വാക്കുകൾ മുറിഞ്ഞു. ശബ്ദം ഇടറി. തനിക്ക് സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് കരുണാകരൻ പറഞ്ഞപ്പോൾ അത് മനസിൽ തട്ടിയാണെന്ന് വാക്കുകളിൽ പ്രതിഫലിച്ചു. കൂടി നിന്നവരിൽ പലരും കണ്ണീർ തുടച്ചു. ഞാനും. കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ശ്രീമതി എം കമലവും അന്ന് ഉള്ളിൽ തട്ടി സംസാരിച്ചു. ചേന്ദമംഗല്ലൂരിലേക്കുള്ള അവസാന ബസ്സിന് കയറിപ്പറ്റി രാത്രി പത്തരയോടെ ഹോസ്റ്റലിലെത്തി. ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം ജനങ്ങൾ കേട്ട നേതാവായിരുന്നു സിഎച്ച്. മരണ ശേഷം അദ്ദേഹം ഒരുപാട് വായിക്കപ്പെട്ട നേതാവുമായി. അത്തോളിയിലെ ഒരു മൊല്ലാക്കയുടെ മകനായാണ് സിഎച്ച് ജനിച്ചത്.

ന്യൂനപക്ഷ ജനവിഭാഗത്തിൻ്റെ രാഷ്ട്രീയ വിധി നിർണ്ണയ ഗോദയിൽ നാവ് കൊണ്ടും തൂലിക കൊണ്ടും ഇഞ്ചോടിഞ്ച് പൊരുതി നിൽക്കാൻ ബാഫഖി തങ്ങൾ കണ്ടെത്തിയ ലക്ഷണമൊത്ത ഫയൽമാനായിരുന്നു മുഹമ്മദ് കോയ. കാറ്റും കോളും നിറഞ്ഞ രാഷ്ടീയ ചുറ്റുപാടിൽ ലീഗെന്ന പായക്കപ്പലിൻ്റെ കപ്പിത്താനായാണ് ജനങ്ങൾ അദ്ദേഹത്തെ കണ്ടത്.
സ്വാതന്ത്ര്യാനന്തരം മുസ്ലിംലീഗിനെ ബഹുസ്വര സമൂഹത്തിൽ സ്വീകാര്യമാക്കിയതും സാമുദായിക പരിവേഷത്തിൽ നിന്ന് ലീഗിനെ മതേതര പാർട്ടിയെന്ന ലേബലിലേക്ക് കൈപിടിച്ചുയർത്തിയതും സിഎച്ചാണ്. അദ്ദേഹം 'എൻ്റെ സമുദായം', 'എൻ്റെ പാർട്ടി എന്നൊക്കെ പ്രസംഗത്തിനിടയിൽ ഉപയോഗിച്ചപ്പോൾ സമൂഹം അത് അംഗീകരിച്ച് കൊടുത്തു.

ലീഗ് പിളർന്ന കാലം. നേതൃനിരയിലെ തലയെടുപ്പുള്ള പ്രമുഖർ അഖിലേന്ത്യാ ലീഗിനൊപ്പം നിലയുറപ്പിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ ആത്മീയ നേതൃത്വവും സിഎച്ചിൻ്റെ വാഗ്വിലാസവും ഒത്തുചേർന്നപ്പോൾ മുസ്ലിംലീഗിൻ്റെ മുക്കാൽ ഭാഗവും യൂണിയൻ ലീഗിലേക്കൊഴുകി. കാൽ ഭാഗമേ മറുചേരിക്ക് കിട്ടിയുള്ളൂ. ലീഗിലെ പിളർപ്പിന് ശേഷം ഇരു ലീഗുകളും പൊതുയോഗങ്ങൾ നടത്തുന്ന സമയം. അഖിലേന്ത്യാ ലീഗിൻ്റെ ലഫ്റ്റനൻ്റ് കേണലും വടക്കേ മലബാറിലെ പ്രമാണിയുമായിരുന്ന ചെറിയ മമ്മുക്കേയി തലശ്ശേരിയിൽ വെച്ച് സിഎച്ചിൻ്റെ ദരിദ്ര പശ്ചാതലവും ഭരണ ശീതളിമയിൽ അദ്ദേഹത്തിനുണ്ടായ മാറ്റവും സുചിപ്പിച്ച് കൊണ്ട് പറഞ്ഞു; "സിഎച്ചിൻ്റെ ഷർട്ടിൻ്റെ ഓരോ ബട്ടൻസും ലീഗിൻ്റെതാണ്". തൊട്ടടുത്ത ദിവസം അതേ മൈതാനിയിൽ സിഎച്ച് ആയിരങ്ങളെ അബിസംബോധന ചെയ്തു.

കേയി സാഹിബിൻ്റെ പരാമർശത്തെ സൂചിപ്പിച്ച് കൊണ്ട് സിഎച്ച് കത്തിക്കയറി. തൻ്റെ പ്രസംഗ വൈഭവം മുഴുവൻ പുറത്തെടുത്ത് ജനക്കൂട്ടത്തെ ആവേശക്കൊടുമുടിയുടെ നെറുകിൽ നിർത്തി. അദ്ദേഹം തൊണ്ട പൊട്ടുമാറുച്ചത്തിൽ സർവ്വ ശക്തിയും ഉപയോഗിച്ച് പ്രഖ്യാപിച്ചു; "സിഎച്ചിൻ്റെ ഷർട്ടിൻ്റെ ബട്ടൺ മാത്രമല്ല, സിഎച്ചിൻ്റെ സിരകളിലൂടെ ഓടുന്ന ഓരോ തുള്ളി രക്തവും ലീഗിൻ്റെതാണ്". ജനം ഇളകി മറിഞ്ഞു. സിഎച്ചിൻ്റെ വാക്കുകൾ ചുണ്ടുകളിൽ നിന്ന് ചുണ്ടുകിലേക്കും കാതുകളിൽ നിന്ന് കാതുകളിലേക്കും വൈദ്യുത തരംഗം പോലെ പ്രവഹിച്ചു. ആടിനിന്നവരെല്ലാം യൂണിയൻ ലീഗിൻ്റെ പക്ഷത്തേക്ക് ചാഞ്ഞു. സിഎച്ചിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അഖിലേന്ത്യാ ലീഗ് ഡച്ച് പട്ടാളം പോലെയായി. എല്ലാവരും സൈന്യാധിപൻമാരായി യുദ്ധം ചെയ്യാൻ പട്ടാളക്കാരില്ലാതെ തകർന്നടിഞ്ഞ ഡച്ച് സൈന്യത്തോടാണ് അഖിലേന്ത്യാ ലീഗിനെ അദ്ദേഹം താരതമ്യം ചെയ്തത്.

നാടൻ പ്രയോഗങ്ങളും കഥകളും ചരിത്രവും ഉദ്ധരണികളും കവിതയും പ്രവാചക വചനങ്ങളും വേദേതിഹാസങ്ങളും സിഎച്ചിൻ്റെ നാവിൻ തുമ്പിലൂടെ ഒഴുകിവന്നപ്പോൾ ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തെ കാണാനും കേൾക്കാനും ഓടിക്കൂടി. ''ബഹറിൽ (കടലിൽ) മുസല്ല (നമസ്കാരപ്പായ) ഇട്ട് നമസ്കാരിച്ചാലും ആർഎസ്എസ്സിനെ വിശ്വസിക്കരുതെന്ന" സിഎച്ചിൻ്റെ വാക്കുകൾ മഹദ്വചനമായി മുസ്ലിം സമുദായം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടികളോടുള്ള ബന്ധം ശാശ്വതമായി മുറിച്ചതായോ അവരുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന അർത്ഥത്തിലോ അദ്ദേഹം ഒരു വാക്കു പോലും പറഞ്ഞില്ല. ഇടതുപക്ഷത്തിനു നേർക്കുള്ള വാതിൽ സിഎച്ച് കൊട്ടിയടച്ചതുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി അദ്ദേഹം എതിർത്തു. മതപരമായ ആയുധമെടുത്ത് ഇടതുപക്ഷത്തെ അദ്ദേഹം ചെറുത്തില്ല. കാലാന്തരത്തിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയം മുൻകൂട്ടി കണ്ട ദാർശനികനാണ് സിഎച്ച് എന്ന് ഒരു രാഷ്ട്രീയ വിദ്യാർത്ഥി പറഞ്ഞാൽ അതൊരു തെറ്റാവില്ല.

അദ്ദേഹത്തിൻ്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. സിഎച്ചിനെ പറ്റി എഴുതപ്പെട്ട ഗ്രന്ഥങ്ങളും മുഴുവനായിത്തന്നെ എൻ്റെ ദൃഷ്ടിപഥത്തിലൂടെ കടന്നു പോയിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ടു കേൾക്കാൻ വളരെ കുറച്ച് അവസരങ്ങളേ എനിക്ക് കിട്ടിയുള്ളൂ. സിഎച്ചി ൻ്റെ ഫോട്ടോ വെച്ച് ''വിസ കാണുക" എന്ന തലവാചകത്തോടെ ചന്ദ്രികയിൽ അച്ചടിച്ചു വന്ന പരസ്യം കൺവെട്ടത്ത് ഇപ്പോഴുമുണ്ട്. സിനിമയിൽ പ്രേംനസീറും രാഷട്രീയത്തിൽ സി.എച്ചുമായിരുന്നു അക്കാലത്തെ എൻ്റെ ഇഷ്ട താരങ്ങൾ. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അദ്ദേഹത്തിൻ്റെ കേട്ട പ്രസംഗങ്ങളെക്കാൾ പറഞ്ഞ് കേൾക്കുകയും വായിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രസംഗങ്ങളാണ് എന്നെ വല്ലാതെ സ്വാധീനിച്ചത്. സ്വ സമുദായത്തെ അങ്ങേയറ്റം സ്നേഹിച്ച സിഎച്ച് സഹോദര മതസ്ഥരെ നെഞ്ചോട്‌ ചേർത്ത് വെച്ചു. നർമ്മം കൊണ്ട് രൂക്ഷമായി എതിരാളികളെ വിമർശിച്ചപ്പോഴും എല്ലാവരുമായും സൗഹൃദം കാത്ത് സൂക്ഷിച്ചു. തൊപ്പിയിട്ട് ക്യാമ്പസുകളിലേക്ക് കടന്ന് ചെന്ന സി.എച്ചിനെ ആരും വർഗ്ഗീയവാദി എന്ന് വിളിച്ചില്ല.

സിഎച്ചിനെപ്പോലെ കലാ സാഹിത്യ രംഗത്ത് ഇത്രമേൽ അംഗീകരിക്കപ്പെട്ട ഒരു മുസ്ലിംലീഗ് നേതാവ് വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രാപ്തൻമാരെയും യോഗ്യന്മാരെയുമാണ് സിഎച്ച് ഉയർത്തിക്കൊണ്ടു വന്നത്. അവരിലൂടെ മുസ്ലിം പ്രാതിനിധ്യം അദ്ദേഹം ഉറപ്പു വരുത്തിയപ്പോൾ വിമർശകർ പോലും സിഎച്ചിനെ പ്രശംസിച്ചു. വളരെ സൂക്ഷിച്ചാണ് അദ്ദേഹം വാക്കുകൾ പ്രയോഗിച്ചത്. മുസ്ലിം സമുദായത്തെ അന്യവൽക്കരിക്കാൻ തൻ്റെ വാക്കോ പ്രവർത്തിയോ നിമിത്തമാകരുതെന്ന് സി.എച്ചിന് നിർബന്ധമുണ്ടായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷട്ര വാദത്തെ പല്ലും നഖവും ഉപയോഗിച്ച് അദ്ദേഹം എതിർത്തു. ജമാഅത്തെ ഇസ്ലാമിയുടെ എടുത്തു പറയത്തക്ക ഒരു പരിപാടിയിലും സിഎച്ച് പങ്കെടുത്തതായി അറിവില്ല. അവരുടെ പ്രസിദ്ധീകരണത്തിൽ അദ്ദേഹം എഴുതിയതും വായിച്ചിട്ടില്ല. ജമാഅത്തിൻ്റെ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനങ്ങളിൽ പോലും സിഎച്ച് പങ്കെടുത്തതായി പറഞ്ഞ് കേട്ടിട്ടില്ല. പുരോഗമന ആശയക്കാരനായിരുന്നിട്ടും സുന്നികളുടെ 'കൊർദോവ' എന്നറിയപ്പെട്ട പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൻ്റെ വാർഷിക സമ്മേളനത്തിൽ മരണം വരെ മുഖ്യപ്രസംഗകനായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കൊറ്റിയുടെ തലയിൽ വെണ്ണ വെച്ച് സൂര്യതാപമേറ്റ് അതുരുകി എണ്ണയായി ഒലിച്ചിറങ്ങി കണ്ണിലെത്തുമ്പോൾ അതിന് കണ്ണ് കാണാതാകും. അപ്പോൾ കൊറ്റിയെ പിടിക്കാമെന്ന് വ്യാമോഹിക്കുന്നവരെപ്പോലെയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഇന്ത്യയിലെ അവരുടെ ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തെ അദ്ദേഹം പരിഹസിച്ചു.

ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒരു നല്ല വാക്ക് സിഎച്ച് പറഞ്ഞതായി എവിടെയും വായിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി രഹസ്യ ബാന്ധവത്തിന് തുനിയുന്ന ലീഗിലെ പുതിയ നേതാക്കൾ സിഎച്ചിനെ വേണ്ടവിധം ഇനിയും മനസ്സിലാക്കിയിട്ടില്ല. സിഎച്ച് ഉൾപ്പടെ തങ്ങളുടെ കൊക്കിൽ ഒതുങ്ങാതെ വളർന്നുവന്ന മുസ്ലിം സമുദായത്തിൽ നിന്നുള്ളവരെ ജമാഅത്തെ ഇസ്ലാമി താറടിക്കുകയോ തമസ്കരിക്കുകയോ ചെയ്തു. പക്ഷെ, ആ അവഗണനയിലൂടെ അവരെല്ലാം വളരുകയാണ് ചെയ്തത്. തളരുകയല്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങൾ ആർക്കെങ്കിലും "ഗുഡ് സർട്ടിഫിക്കറ്റ്"നൽകിയാൽ അവരുടെ കഥ കഴിഞ്ഞു എന്നുറപ്പിക്കാം. അത്രമാത്രം മതേതര സങ്കൽപ്പത്തിൽ നിന്ന് അകന്ന് കഴിയുന്ന തീവ്ര വർഗീയ മനസ്സുള്ള പ്രസ്ഥാനമാണത്. സിഎച്ച് അവരുടെ അകവും പുറവും മനസ്സിലാക്കിയ നേതാവിയിരുന്നു. സമ്പൂർണ്ണമായും ആ പാത പിന്തുടരാൻ സാധിക്കാതെ പോയതിൽ എനിക്ക് അതിയായ ഖേദമുണ്ട്. സിഎച്ച് എന്ന രണ്ടക്ഷരത്തിൻ്റെ വിയോഗം തീർത്ത ശൂന്യതയിൽ പലരെയും പോലെ പയ്യനായിയിരുന്ന എൻ്റെ മനസ്സും ആടി ഉലഞ്ഞു.

അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+