പാലക്കാട്ട് ഒരു വിവാദവും ബാധിക്കില്ലെന്ന് രാഹുൽ; ജനങ്ങളെ വെല്ലുവിളിക്കുന്ന ശീലം അവർ പൊളിച്ചെഴുതുമെന്ന് സരിൻ
പാലക്കാട്; തുടക്കം മുതൽ ശുഭപ്രതീക്ഷയിലാണെന്നും പാലക്കാട്ടെ മതേതര മണ്ണ് ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്നും യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ . വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇരട്ടവോട്ട് തടയും എന്ന സി പി എമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടതായിരുന്നു. ബി ജെ പിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സി പി എമ്മിന്റെ ശ്രമമെന്നും രാഹുൽ ആരോപിച്ചു.
'പാലക്കാട് മതേതര മണ്ണാണ്. അത് നേട്ടം തന്നെയാണ്. ബി ജെ പിയും സി പി എമ്മും ഇരട്ട വോട്ട് ചേർത്തു. തിരഞ്ഞെടുപ്പ് ദിവസം ഇരട്ട വോട്ട് തടയും എന്ന് സി പി എം പറയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. ഇരട്ട വോട്ട് ആരോപണം ഉയർത്തി പാലക്കാട് ഭീകരാന്തരീക്ഷം ഉണ്ടെന്നൊരു ധ്വനി സൃഷ്ടിക്കാനാണ് നീക്കം. അത് വോട്ടർമാരെ അകറ്റാൻ വേണ്ടിയാണ്. സി പി എം ഉയർത്തുന്ന വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.

പാലക്കാട്ടെ ജനം ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇന്നോ ഇന്നലെയോ എടുത്തതല്ല, കൊട്ടികലാശം കണ്ടോ, പ്രചരണം കണ്ടോ അല്ല അവർ തീരുമാനിച്ചത്. പാലക്കാട്ടെ ജനങ്ങൾ നേരത്തേ എടുത്തത് മതനിരപേക്ഷ നിലപാടാണ്. അതുകൊണ്ട് തന്നെ എന്ത് വിവാദം വന്നാലും അവരെ അത് ബാധിക്കില്ല', രാഹുൽ പറഞ്ഞു. വിവാദ പത്രപരസ്യം സംബന്ധിച്ചും രാഹുൽ പ്രതികരിച്ചു. 'ഓരോ പത്രത്തിലും ഓരേ പരസ്യം എന്തിനാണ് വ്യത്യസ്തമായി നൽകുന്നത്. അവർ ഓരോ വിശദീകരണം നൽകിക്കോട്ടെ. അതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻ പാർട്ടിയുടെ മെമ്പർഷിപ്പ് ഉള്ളവരല്ലല്ലോ നമ്മൾ', രാഹുൽ ചോദിച്ചു. ഇത്തവണ പോളിംഗ് ശതമാനം ഉയരുമന്ന പ്രതീക്ഷയും യു ഡി എഫ് സ്ഥാനാർത്ഥി പങ്കുവെച്ചു. മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വികസനത്തിനൊപ്പമായിരിക്കും പാലക്കാട്ടെ ജനമെന്നായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റെ പ്രതികരണം. 'വോട്ടർമാർ വികസനം മാത്രമേ പരിഗണിക്കൂ, ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും അവർ പൊളിച്ചെഴുതും. പാലക്കാട്ടെ ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. വീണ് കിട്ടിയ അവസരമാണ്. വിളിച്ചുവരുത്തിയ തിരഞ്ഞെടുപ്പാണ്. എന്തിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന ബോധ്യം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. 'കള്ളത്തരത്തിൽ തിരികി കയറ്റിയ വോട്ട് ചെയ്ത് ഒരാളും പോകില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായി എഴുപതിനായിരത്തിൽ കുറയാത്ത വോട്ടർമാർ വന്ന് വോട്ട് ചെയ്യും', സരിൻ കൂട്ടിച്ചേർത്തു












Click it and Unblock the Notifications