Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർത്ഥിക്ക് മുൻഗണന, കൃഷ്‌ണകുമാറിന് അനുകൂലം?

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ പുതിയ ട്വിസ്‌റ്റ്. മണ്ഡലത്തിൽ അവസാന നിമിഷം വരെ ഒരുപടി മുന്നിലായിരുന്ന ശോഭ സുരേന്ദ്രൻ ഇവിടെ മത്സരിച്ചേക്കില്ല എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകരം ജില്ലയിൽ നിന്ന് തന്നെയുള്ള മുതിർന്ന നേതാവായ സി കൃഷ്‌ണകുമാറിന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിനും കൃഷ്‌ണകുമാറിനോടാണ് താൽപര്യമെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ ഇ ശ്രീധരൻ മത്സരിച്ചപ്പോൾ നേരിയ വ്യത്യാസത്തിന് കൈവിട്ട് പോയ മണ്ഡലം മൂന്നര വർഷത്തിന് ശേഷം ഒരിക്കൽ കൂടി ജനവിധി തേടുമ്പോൾ കൈക്കലാക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

palakkadbyelectionbjpnew

ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒപ്പമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പുറത്തിറക്കും എന്നാണ് കരുതുന്നത്. അതിനൊപ്പമാവും പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാവുക.

ബിജെപി പാർലമെന്ററി ബോർഡാണ് സ്ഥാനാർത്ഥികളെ അന്തിമമായി നിശ്ചയിക്കുന്നത്. അതിനിടയിൽ ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതൃത്വവും ഒക്കെ എടുക്കുന്ന നിലപാട് നിർണായകമാണ്. എന്നാൽ ചേലക്കരയും വയനാടും ഒന്നും പോലെയല്ല പാലക്കാട് എന്നത് കൊണ്ട് തന്നെ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടാനുള്ള സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല.

കൃഷ്‌ണകുമാറിന് അനുകൂലം ഈ ഘടകങ്ങൾ

നിലവിൽ ജില്ലയിൽ നിന്ന് തന്നെയുള്ള നേതാവ് എന്നതാണ് കൃഷ്‌ണകുമാറിന് മേൽക്കൈ നൽകുന്ന പ്രധാന ഘടകം. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും മണ്ഡലത്തിൽ ഉടനീളം പ്രവർത്തനം നടത്തി വന്നിട്ടുള്ള കൃഷ്‌ണകുമാർ പല തിരഞ്ഞെടുപ്പുകളിലും കരുത്ത് കാട്ടുകയും ചെയ്‌തിട്ടുണ്ട്‌. പാലക്കാട്ടെ പ്രവർത്തി പരിചയവും മണ്ഡലത്തിലെ സ്വാധീനവും ഒക്കെ കൃഷ്‌ണകുമാറിന് അനുകൂലമായ കാര്യങ്ങളാണ്.

എന്നാൽ ഒറ്റപ്പേരിലേക്ക് സംസ്ഥാന നേതൃത്വം ഇതുവരെ എത്താത്തതിൽ അദ്ദേഹം അതൃപ്‌തനാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവിൽ ശോഭാ സുരേന്ദ്രനുമായി വർഷങ്ങൾ പഴക്കമുള്ള ബന്ധമാണെന്നും യാതൊരുവിധ പിണക്കങ്ങളും ഇല്ലെന്നും കൃഷ്‌ണകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.

ശോഭയെ പിന്നോട്ട് വലിക്കുന്നത് എന്ത്?

മണ്ഡലത്തിൽ തുടക്കം മുതൽ പറഞ്ഞുകേട്ട പേരാണ് ശോഭ സുരേന്ദ്രന്റേത്. എന്നാൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവ് എന്ന വിശേഷണമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. കൂടാതെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആലപ്പുഴ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം. അത് ആ നിലയ്ക്ക് തന്നെ തുടരട്ടെ എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സംസ്ഥാന നേതൃത്വത്തിനും ശോഭയോട് താൽപര്യമില്ല എന്ന സൂചനകളും ഇടയ്ക്ക് വന്നിരുന്നു.

എന്നാൽ ശോഭയെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആലപ്പുഴയിൽ സിപിഎം കോട്ടകൾ ഇളക്കി മറിച്ച് വോട്ട് വിഹിതം ഉയർത്തിയ നടപടിയാണ് അവർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന് വേണ്ടിയും വിമതനായ പി സരിൻ സിപിഎമ്മിന് വേണ്ടിയും ഇറങ്ങുമ്പോൾ അവിടെ മണ്ഡലത്തെ അടുത്തറിയുന്ന കൃഷ്‌ണകുമാർ മതിയെന്ന അഭിപ്രായത്തോട് കേന്ദ്രനേതൃത്വം ഏത് രീതിയിൽ പ്രതികരിക്കും എന്നാണ് കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+