ബൂത്തില്‍ കയറി രാഹുല്‍ വോട്ട് ചോദിച്ചെന്ന് ആരോപണം: വെണ്ണക്കരയില്‍ സംഘര്‍ഷം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കവെ വെണ്ണക്കര പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തില്‍ കയറി വോട്ട് ചോദിച്ചു എന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എന്നാല്‍ മറ്റ് രണ്ട് പാര്‍ട്ടിക്കാരുടേയും സ്ഥാനാര്‍ത്ഥികള്‍ വന്നപ്പോള്‍ ഇല്ലാത്ത പ്രശ്‌നം താന്‍ വന്നപ്പോള്‍ മാത്രമെങ്ങനെ ഉണ്ടാകൂ എന്ന് രാഹുല്‍ തിരിച്ചടിച്ചു.
ഇതോടൊയാണ് പ്രശ്‌നം വഷളായത്. ബിജെപി പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ചെയ്തു. ഇതോടെ പൊലീസ് എല്ലാവരോടും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഇവിടെ കാണുന്നത് എന്ന് രാഹുല്‍ പറഞ്ഞു. എല്ലാ ബൂത്തുകളിലും രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പരാജയഭീതിയും അസ്വസ്ഥതയും കാരണം 'കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി'യുടെ പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയത് എന്നും രാഹുല്‍ ആരോപിച്ചു. പോളിംഗ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പാസ് നല്‍കുന്നത് എന്നും ഇവിടെ യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ് എന്നും രാഹുല്‍ പ്രതികരിച്ചു. വോട്ടര്‍മാര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
താന്‍ വരുന്നതിനു മുന്‍പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെയെത്തിയിരുന്നു എന്നും അപ്പോഴൊന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമില്ലായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്.
അതേസമയം വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെടുകയും സ്ഥാനാര്‍ത്ഥിയൊഴികെ എല്ലാവരും പോളിംഗ് സ്റ്റേഷനില്‍ നിന്ന് പുറത്ത് പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തുകയും പ്രവര്‍ത്തകരെ മാറ്റുകയും ചെയ്തു. അതേസമയം പിന്നീട് ഇവിടെ നിന്ന് രാഹുല്‍ പോകുകയും ചെയ്തു.
എന്നാല്‍ രാഹുല്‍ വോട്ടര്‍മാരോട് കൈപ്പത്തി ചിഹ്നം ഉയര്‍ത്തി കാട്ടി എന്നും പോളിംഗ് ബൂത്തിനുള്ളില്‍ നിന്ന് വോട്ടര്‍മാരെ ക്യാന്‍വാസ് ചെയ്യുന്നതിനെയാണ് എതിര്‍ത്തത് എന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുല്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനായി എത്തിയതാണ് എന്നും അവര്‍ ആരോപിച്ചു. സമാധാനപരമായി വോട്ടെടുപ്പ് നടക്കവെയാണ് രാഹുല്‍ പ്രശ്‌നമുണ്ടാക്കിയത് എന്നും അവര്‍ കുറ്റപ്പെടുത്തി












Click it and Unblock the Notifications