മതേതരത്വം പുഞ്ചിരിക്കുന്ന പെരുന്നാള്‍, വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട തുറന്നെന്ന് പാളയം ഇമാം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശമാണ് പൊതുതിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങള്‍ നല്‍കിയത് എന്ന് പാളയം ഇമാം പറഞ്ഞു. പെരുന്നാള്‍ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസം നല്‍കുന്നതാണ് എന്നും അധികാരത്തിലെത്താന്‍ മതേതര ശക്തികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രചാരണത്തിന് രാജ്യത്ത് യാതൊരു സ്ഥാനവും ഇല്ലെന്ന് ജനം പ്രഖ്യാപിച്ചു. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെ കൊടും വര്‍ഗീയത നിറഞ്ഞ വാക്കുകള്‍ പറഞ്ഞു.

'വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്തിരിക്കുന്നത്. ബാബ്‌റി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വര്‍ഗീയത ആര് മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല. അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്,' അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിതിടത്ത് ഒരു നേട്ടവുമുണ്ടാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ അതേ ബാബരി മസ്ജിദിന്റെ പേരുതന്നെ എന്‍സിഇആര്‍ടിയുടെ പുസ്‌കതത്തില്‍ നിന്ന് വെട്ടിമാറ്റിയിരിക്കുന്നു. ചരിത്രത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് എന്‍സിഇആര്‍ടി പിന്‍മാറണം. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം എന്നും എങ്കില്‍ മാത്രമേ നമ്മുടെ മക്കള്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരായി മാറുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും ഇന്നല്ലെങ്കില്‍ ഭാവിതലമുറ അത് തിരിച്ചറിയുമെന്നും പാളയം ഇമാം പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ക്ക് എതിരെ നിശബദ്മായി ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കൂടി തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മണിപ്പൂര്‍ കലാപം മാസങ്ങള്‍ നീണ്ടിട്ടും ഒരു തവണപോലും സമാധാന ശ്രമങ്ങള്‍ നടത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല.
വംശീയ പോരാട്ടം ആഭ്യന്തര യുദ്ധത്തിന് സമാനാമായി വളര്‍ന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാരും അക്രമികളുടെ ഒപ്പം നില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണം.
അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പെരുന്നാള്‍ മതേതരത്വം പുഞ്ചിരിക്കുന്ന പെരുന്നാളാണെന്നും പാളയം ഇമാം പറഞ്ഞു. കൂടുതല്‍ ഉള്ള് തുറന്ന് മതനിരപേക്ഷ മനസുകള്‍ ആഹ്ലാദിക്കുന്ന നല്ലകാലം വന്നതിന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്ന പെരുന്നാളുകള്‍ കൂടി സമാഗതമാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications