പന്ന്യന്റെ അറിവോടെയാണ് പണം വാങ്ങിയതെന്ന് ശശി
തിരുവനന്തപുരം: ബെന്നറ്റ് അബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവത്തില്‍ സിപിഐ സംസഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ പ്രതിസന്ധിയിലാക്കി വെഞ്ഞാറമൂട് ശശിയുടെ വെളിപ്പെടുത്തല്‍. പന്ന്യന്‍ രവീന്ദ്രന്റെ അറിവോടെയാണ് ബെന്നറ്റില്‍ നിന്ന് പണം വാങ്ങിയതെന്നാണ് വെഞ്ഞാറമൂട് ശശി ആരോപിക്കുന്നത്.
ബെന്നറ്റ് വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശശി ആര്‍എസ്പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്നറ്റ് വിഷയത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന നിലപാടിലാണ് ശശി ഇപ്പോഴും.

ബെന്നറ്റില്‍ നിന്ന് പണം വാങ്ങിയതും കൈകാര്യം ചെയ്തതും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനായ പി രാമചന്ദ്രന്‍ നായര്‍ ആയിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ കൃത്യമായി അറിയിച്ചിരുന്നു. പണം വാങ്ങുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ പന്ന്യന് അപ്പോള്‍ തന്നെ അത് തടയാമായിരുന്നുവെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.
പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയധികം തുക ഒരു സ്ഥാനാര്‍ത്ഥിയുടെ കയ്യില്‍ നിന്ന് വാങ്ങി ചെലവാക്കിയത്. താന്‍ ഇതില്‍ ഇടപെട്ടിട്ടില്ല. എന്നിട്ടും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ശശി പറയുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ശക്തമായ വിഭാഗീയതയാണെന്നും ശശി ആരോപിക്കുന്നുണ്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പന്ന്യന്‍ രവീന്ദ്രന്‍ താത്കാലിക അവധിയല്‍ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞാണ് അവധി. എന്നാല്‍ പകരം മറ്റാരേയും ചുമതല ഏല്‍പിച്ചിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാന്‍ പന്ന്യന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications