മരണക്കിടക്കയിലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല, അന്ധമായി വിശ്വസിച്ചു, നോവായി ഷാരോണ്‍
തിരുവനന്തപുരം: പാറശാലയില്‍ യുവാവിനെ വിഷം കൊടുത്ത് കാമുകി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിപ്പിക്കും. ഗ്രീഷ്മ കഷായം നല്‍കിയിട്ടും അവളില്‍ സംശയം തോന്നാതിരിക്കാന്‍ ഷാരോണ്‍ വീട്ടില്‍ ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചുവെന്നാണ് എല്ലാവരെയും വിശ്വസിപ്പിച്ചത്. ഗ്രീഷ്മ തന്നെ ഒരിക്കലും വകവരുത്താന്‍ ശ്രമിക്കില്ലെന്ന് ഷാരോണ്‍ വിശ്വസിച്ചിരുന്നു. മരണ മൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ കൊലപ്പെടുത്താന്‍ പലതവണ പെണ്‍കുട്ടി ശ്രമിച്ചിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജ്യൂസ് ചലഞ്ച് ഉള്‍പ്പടെയുള്ളവ ഇതിന് വേണ്ടി പെണ്‍കുട്ടി ചെയ്തിരുന്നു. എന്നാല്‍ ഇതിലൊന്നും ഷാരോണിന് യാതൊരുവിധത്തിലുള്ള അസ്വഭാവികതയും സംശയവും തോന്നിയിരുന്നില്ല. തന്റെ പ്രണയിനി തന്നെ ചതിക്കില്ലെന്ന വിശ്വാസമായിരുന്നു ഷാരോണിന്.

നേരത്തെയും ഗ്രീഷ്മ മകന് വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നാണ് ഷാരോണിന്റെ അമ്മ പറയുന്നത്. ഒന്നിലധികം തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, ഷാരോണിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അമ്മയും മകളും ചേച്ചിയും ചേര്‍ന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു.

ഷാരോണിന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ കുടുംബത്തിന് ഗ്രീഷ്മയെ സംശയമുണ്ടായിരുന്നെങ്കിലും പാറശാല പൊലീസിന്റെ അന്വേഷണം ആ തരത്തിലായിരുന്നില്ല മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇന്നലെ എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഷാരോണിന്റെ കൊലപാതകത്തിലെ തെളിവുകള്‍ ഉന്നത പൊലീസ് സംഘം തെളിയിക്കുകയായിരുന്നു.

നെയ്യൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍. ഒരു ബസ് യാത്രയ്ക്കിടെയാണ് നാട്ടുകാരി കൂടിയായ ഗ്രീഷ്മയെ പരിചയപ്പെടുന്നത്. പരിചയം വളര്‍ന്ന് അത് സൗഹൃദമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലാണെന്നാണ് ഷാരോണിന്റെ മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ഷാരോണുമായുള്ള ബന്ധത്തെ ഗ്രീഷ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഷാരോണിനെ വിവാഹം ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ഭീഷണി. ഷാരോണ്‍ അന്യമതസ്ഥനായതാണ് വീട്ടുകാരുടെ പ്രധാന ഏതിര്‍പ്പിന് കാരണം. ഇതിനിടയില്‍ മറ്റൊരാളുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ചതോടെ ഷാരോണും ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ പിന്നീട് വീട്ടുകാരറിയാതെ ഇരുവരും ബന്ധം തുടര്‍ന്നു. വാട്സ്ആപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു.

കൂടാതെ ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ രാജും മാതാവും പറയുന്നു. ഇതിന് ശേഷം എല്ലാ ദിവസവും നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ പെണ്‍കുട്ടി ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം, മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും ഗ്രീഷ്മ പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നാണ് ഷാരോണിന്റെ കുടുംബം മുന്നോട്ടുവയ്ക്കുന്ന വാദം. നവംബറിന് ശേഷം ഷാരോണിനോടൊപ്പം ഗ്രീഷ്മ ഇറങ്ങി വരാമെന്നായി. എന്നാല്‍ വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു. എന്നാല്‍ നവംബറിന് മുന്നേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നുവെന്ന ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications