'സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം': ജപ്പാനീസ് പത്രത്തില്‍ മോദിയുടെ ലേഖനം
ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റേയും പങ്കാളിത്തം സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഒരു പ്രാദേശിക ജാപ്പനീസ് പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
"ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊർജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതി. നമ്മേടത് സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തമാണ്. മഹത്തായ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന നമ്മുടെ പ്രത്യേക സൗഹൃദത്തിന്റെ യാത്ര ഞാൻ പിന്തുടരുന്നു. " എന്നാണ് ലേഖനത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ-ജപ്പാൻ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യങ്ങൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച പ്രതിജ്ഞാബദ്ധതയുള്ളവരാണ്. സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖലയുടെ പ്രധാന സ്തംഭങ്ങളാണ് ഇന്ത്യയും ജപ്പാനും . വിവിധ ബഹുമുഖ ഫോറങ്ങളിലും നാം ഇത് പോലെ അടുത്ത് പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ എനിക്ക് ജാപ്പനീസ് ജനതയുമായി പതിവായി ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ജപ്പാന്റെ വികസന മുന്നേറ്റങ്ങൾ എല്ലായ്പ്പോഴും പ്രശംസനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നവീകരണം, സ്റ്റാർട്ടപ്പുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ജപ്പാൻ ഇന്ത്യയെ പങ്കാളിയാക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി ടോക്കിയോയിയില്‍ വെച്ച് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കി ഉള്‍പ്പടേയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും ഇന്ത്യയുടെ വാഹന വ്യവസായത്തിൽ സുസുക്കി മോട്ടോഴ്‌സിന്റെ പരിവർത്തനപരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഓട്ടോമൊബൈൽ, ഓട്ടോ ഘടക മേഖലകളിലെ ഉത്പ്പാദനബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി പ്രകാരം അംഗീകരിച്ച അപേക്ഷകരിൽ ഉൾപ്പെടുന്നതിനെ സുസുക്കി അധികൃതർ അഭിനന്ദിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സുസ്ഥിര വളർച്ചയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും ഉൽപ്പാദന സൗകര്യങ്ങളും പുനരുപയോഗ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുൾപ്പെടെ ഇന്ത്യയിലെ കൂടുതൽ നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ചറിംഗ് (ജെഐഎം), ജാപ്പനീസ് എൻഡോവ്ഡ് കോഴ്‌സുകൾ (ജെഇസി) എന്നിവയിലൂടെയുള്ള നൈപുണ്യ വികസനം ഉൾപ്പെടെ, ഇന്ത്യയിൽ പ്രാദേശിക നവീകരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തതായി ഓഫീസ് വ്യക്തമാക്കി.












Click it and Unblock the Notifications