കണക്ക് തെറ്റിയത് സ്വരാജിന്‍റെത് ഉള്‍പ്പടെ 2 പേരുടെ കാര്യത്തില്‍ മാത്രം; തുറന്ന് പറഞ്ഞ് കോടിയേരി
കൊച്ചി: കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇടതുപക്ഷം ഇത്തവണ അധികാരത്തുടര്‍ച്ച നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റുയര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചപ്പോള്‍ മറുവശത്ത് യുഡിഎഫിന്‍റെ അംഗബലം 41 ലേക്ക് ഒതുങ്ങി. ബിജെപിയുടെ ഏക അക്കൗണ്ടും പിടിച്ചെടുത്ത് ആകെ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കഴിഞ്ഞതവണ ലഭിച്ച 91 സീറ്റകളില്‍ നിന്നും എട്ട് സീറ്റുകള്‍ കൂടുതല്‍.
തിരഞ്ഞെടുപ്പിന് മുമ്പ് പലപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ അവകാശപ്പെട്ട കാര്യമായിരുന്നു കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അത് സത്യമാവുകയും ചെയ്തു. എന്നാല്‍ ഇതിലും വലിയ വിജയം ലഭിക്കുമെന്നായിരുന്നു പാര്‍ട്ടി റിപ്പോര്‍ട്ട് എന്നാണ് സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്.

കോടിയേരി ബാലകൃഷ്ണന്‍
മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച വഴികളും അണിയറയിലെ തന്ത്രങ്ങളുമെല്ലാം കോടിയേരി ബാലകൃഷ്ണന്‍ തുറന്ന് പറയുന്നത്. 99 സീറ്റുകള്‍ നേടിയുള്ള വിജയം സിപിഎം പ്രതീക്ഷിച്ചിരുന്നോയെന്ന അവതാരകന്‍ ജോണി ലൂക്കോസിന്‍റെ ചോദ്യത്തിന്‍ 101 സീറ്റായിരുന്നു പ്രതീക്ഷയെന്ന മറുപടിയാണ് കോടിയേരി നല്‍കുന്നത്.

പാര്‍ട്ടി കണക്കുകള്‍
തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് തലത്തില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ അവലോകനം ചെയ്ത് ജില്ലാ കമ്മറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 101 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അന്ന് താനടക്കം പാര്‍ട്ടിയിലെ ഒരു നേതാക്കളും അത് പുറത്ത് പറഞ്ഞില്ല. ജില്ലാ കമ്മറ്റികളുടെ റിപ്പോര്‍ട്ടുകള്‍ തെറ്റാന്‍ സാധ്യതയുള്ളതുകൊണ്ടായിരുന്നു പുറത്ത് പറയാതിരുന്നത്.

99 സീറ്റുകള്‍
എങ്കില്‍ 80 ന് മുകളില്‍ സീറ്റുകളില്‍ വിജയം ഉറപ്പായിരുന്നു. ആദ്യം തന്നെ ഈ വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. തുടര്‍ഭരണ സാധ്യത ഭരണത്തിന് മുമ്പ് തന്നെ മനസ്സിലുമുണ്ടായിരുന്നു. അവസാനം ഫലം പുറത്ത് വന്നപ്പോള്‍ 99 സീറ്റുകള്‍ ലഭിച്ചു. ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും രണ്ട് സീറ്റുകളുടെ കുറവ്.

തെറ്റിയത്
വിജയം പ്രതീക്ഷിച്ചവയില്‍ ജില്ലാ കമ്മറ്റിയുടെ കണക്ക് കൂട്ടല്‍ തെറ്റിയത് രണ്ട് മണ്ഡലത്തില്‍ മാത്രം. തൃപ്പൂണിത്തുറയില്‍ എം സ്വരാജും കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മയും വിജയിക്കുമെന്നായിരുന്നു എറണാകുളം, കൊല്ലം ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടുപേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് പാരജയപ്പെട്ടു.

തൃപ്പൂണിത്തുറയില്‍
ശക്തമായ മത്സരമായിരുന്നെങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രണ്ടാം അങ്കത്തില്‍ കെ ബാബുവിനോടാണ് എം സ്വരാജ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. വോട്ടെണ്ണലിന്‍റെ അവസാന നിമിഷം വരെ ആകംക്ഷ നിറഞ്ഞ് നിന്ന മത്സരത്തില്‍ 1009 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിന്‍റെ വിജയം.

കുണ്ടറയില്‍
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന ഏക മന്ത്രിയാണ് ജെ മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ തവണ 30460 വോട്ടിന് സിപിഎം വിജയിച്ച മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ് ഇത്തവണ കുണ്ടറയില്‍ വിജയിച്ചത്. അതേസമയം കുണ്ടറയിലും തൃപ്പൂണിത്തുറയിലും ബിജെപി വോട്ടുകളില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടായി.

ജോസിനെ കൊണ്ടുവന്നത്
ലോക്സഭാ തിരഞ്ഞടുപ്പിലെ വലിയ തിരിച്ചടി പാര്‍ട്ടിക്ക് കനത്ത ആശങ്കയുണ്ടാക്കിയിരുന്നെന്ന കാര്യവും കോടിയേരി ബാലകൃഷ്ണന്‍ തുറന്ന് പറയുന്നു. എന്നാല്‍ അവിടെ നിന്നും കൃത്യമായ നീക്കങ്ങള്‍ ആരംഭിച്ചു. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എത്തിക്കാനുള്ള നീക്കമായിരുന്നു ആദ്യം തന്നെ നടത്തിയത്.
Recommended Video

ഒരുക്കങ്ങള്‍
മുന്നണിക്ക് അകത്തും പുറത്തും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകളും അപ്പോള്‍ തന്നെ വിലയിരുത്തി. അതിനാവശ്യമായ ചര്‍ച്ചകളും നടത്തി. പിന്നെ കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതും അനുകൂല ഘടകമായി. അതൊക്കെയാണ് മുന്നണിയെ ഇത്ര വലിയ വിജയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം തുറന്ന് പറയുന്നു.












Click it and Unblock the Notifications