താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ
തിരുവനന്തപുരം; നിലപാടുകൾ തന്റേടത്തോടെ തുറന്ന് പറയുന്ന നടിയാണ് പാർവ്വതി തിരുവോത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പാർവ്വതി എടുത്ത നിലപാടുകൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വത്തിനെതിരേയെല്ലാം അവർ പലപ്പോഴായി അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ നിരന്തര വ്യക്തിഹത്യകൾക്കും സൈബർ ലോകത്ത് കടുത്ത ആക്രമണങ്ങളും നേരിടേണ്ടി വന്നൊരു താരം കൂടിയാണ് ഇവർ. രാഷ്ട്രീയ വിഷയങ്ങളിലും നടി തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുമോ, ഏത് രാഷ്ട്രീയ പാർട്ടിയിലാണ് താൻ വിശ്വസിക്കുന്നത് എന്ന് തുടങ്ങിയ ചോദ്യങ്ങൾക്കാണ് നടി മറുപടി നൽകിയത്.

കേഡർ പൊളിറ്റിക്സിന്റെ ഭാഗമല്ല
സിദ്ദാർത്ഥ് ശിവയുടെ പുതിയ ചിത്രമായ വർത്തമാനത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതിയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. രാഷ്ട്രീയത്തിൽ ഇറങ്ങുമോയെന്ന ചോദ്യത്തിന് എന്നോ താൻ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും എന്നാൽ കേഡർ പൊളിറ്റിക്സിൻറെ ഭാഗമല്ലെന്നേയുള്ളൂവെന്നും റിപ്പോർട്ടർ ചാനലലിൽ പാർവ്വതി പറഞ്ഞു.

മത്സരിക്കാനുണ്ടോ?
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എന്നാൽ ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറയാനാകില്ലെന്നും നടി വ്യക്തമാക്കി. . ഇപ്പോൾ രാജ്യത്തിന്റെ പോക്ക് കണ്ട് കഴിഞ്ഞാൽ ഒരു പൗരൻ എന്ന നിലയിൽ തനിക്ക് ആശങ്കകളുണ്ട്. ശക്തരായ ജനപ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാകണമെന്നത് നമ്മുടെ ആവശ്യമാണെന്നും പാർവ്വതി പറയുന്നു.

കളത്തിലിറങ്ങുക
ഒന്നുകിൽ അവരെ പിന്തുണയ്ക്കുക, അല്ലേങ്കിൽ കളത്തിലേക്ക് ഇറങ്ങുക. അതല്ലാതെ നമ്മുക്ക് മറ്റൊരു നിവൃത്തിയില്ല. അത് തന്റെ ആഗ്രഹമാണോ അല്ലയോ എന്നുള്ളത് മറ്റൊരു കാര്യമാണെന്നും പാർവ്വതി പറഞ്ഞു. അതേസമയം ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നുവെന്ന് വെളിപ്പെടുത്താൻ പാർവ്വതി തയ്യാറായില്ല.

കർഷക സമരത്തെ കുറിച്ച്
അതേസമയം കർഷക സമരങ്ങളെ കുറിച്ചും നടി മനോരമയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ പ്രതികരിച്ചു. കർഷക സമരത്തെ വിമർശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമെന്നായിരുന്നു താരം പറഞ്ഞത്. കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാവില്ലെന്നും നടി വ്യക്തമാക്കി.

പകൽ പോലെ വ്യക്തം
എല്ലാ രീതിയിലും താൻ കർഷകരുടെ കൂടെയാണ്. സെലിബ്രിറ്റികൾ തത്ത പറയും പോലെ ട്വീറ്റ് ചെയ്യുന്നത് അസഹനീയമാണ്. ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപഗാൻഡ് എന്ന് അവർ ഹാഷ്ടാഗ് ഇടുമ്പോൾ തിരിച്ച് അവരോടാണ് പറയേണ്ടത്. അവർ ചെയ്യുന്നതാണ് പ്രൊപഗാൻഡ, ഇക്കാര്യം പകൽപോലെ വ്യക്തമാണെന്നും പാർവ്വതി പറഞ്ഞു.

കേന്ദ്രത്തിനെതിരായ വിമർശനം
നേരത്തേ തന്നെ പൗരത്വ വിഷയങ്ങളിൽ ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയ താരമാണ് പാർവ്വതി. 'നട്ടെല്ലിലൂടെ ഒരു ഭയം. ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു നടി അന്ന് പ്രതികരിച്ചത്. പൗരത്വ സമരത്തിലും താരം പങ്കെടുത്തിരുന്നു. കേന്ദ്രസർക്കാരിനെതിരെ എന്തെങ്കിലും പ്രതികരണം നടത്തിയാൽ വിമർശിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ തനിക്ക് ലഭിക്കാറുണ്ടെന്നും നടി നേരത്തേ തുറന്ന് പറഞ്ഞിരുന്നു.

ഗവേഷക വിദ്യാർത്ഥി
ചിത്രത്തിൽ ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ചില രംഗങ്ങൾ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി നേരത്തേ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

അനുമതി നിഷേധിക്കാൻ
ജെഎന്‍യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നീ കാരണങ്ങളാണ് പ്രദര്‍ശനനാനുമതി നിഷേധിക്കാന്‍ തിരുവനന്തപുരത്തെ സെന്‍സര്‍ കമ്മിറ്റി പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് ചിത്രം കണ്ടതിന് ശേഷം സിനിമക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ചതും വിവാദമായിരുന്നു.

റിവൈസിംഗ് കമ്മിറ്റിയുടെ അനുമതിയോടെ
ഇതിനെതിരെ പാർവ്വതി ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പിന്നീട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്.റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. .












Click it and Unblock the Notifications