പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യം പുറത്ത്
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ സിപി മുഹമ്മദ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭവന സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തു വിട്ടത്. ഏത് ഭാഗത്ത് പ്രചരണം നടത്തുമ്പോഴാണ് പണം കൈമാറിയതെന്ന് വ്യക്തമായിട്ടില്ല.

വീഡിയോയില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീട്ടിലെത്തുന്ന എംഎല്‍എ കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിക്കാം എന്ന് ഉറപ്പു നല്‍കുന്നുമുണ്ട്. തിരിച്ചിറങ്ങാന്‍ നേരം മടിയില്‍ നിന്നും ഇടതുകൈകൊണ്ട് പണമെടുത്ത് സ്ത്രീക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍തോതില്‍ അദികാര ദുര്‍വിനിയോഗം നടത്തുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും യുഡിഎഫ് നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള കുത്സിത നീക്കങ്ങള്‍ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും കര്‍ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകള്‍ ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപ നോട്ടുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ വ്യാപകമായി പ്രചരിച്ചത് വാര്‍ത്തായിരുന്നു.












Click it and Unblock the Notifications