വീണ നികുതി അടച്ചുവെന്നത് സിപിഎമ്മിന്റെ വെറും ക്യാപ്സൂൾ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയൻ നികുതി അടച്ചെന്നത് സി പി എമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി എം ആർ എല്ലും വീണയുടെ കമ്പനിയായ എക്സലോജികുമായുള്ള ഇടപാടിൽ വീണ തയ്ക്കണ്ടി എന്തിനാണ് ജി എസ് ടി അടയ്ക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. രണ്ട് കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സി പി എം സെക്രട്ടറിയേറ്റ് പറഞ്ഞത്. അങ്ങനെയയെങ്കിൽ എന്തുകൊണ്ടാണ് കമ്പനി നികുതി അടയ്ക്കാത്തതെന്ന് സി പി എം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയിൽ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സി പി എമ്മുകാർ മനസിലാക്കണം. സി എം ആർഎല്ലിൽ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജി എസ് ടി രജിസ്ട്രേഷന് മുമ്പാണ്. അപ്പോൾ അവർക്ക് അതിന് മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജി എസ് ടി അടയ്ക്കാൻ സാധിക്കുകയെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുകയാണ്.

പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേൽപ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ച് സർക്കാർ കൂടുതൽ കൂടുതൽ കുടുക്കിലേക്കാണ് പോവുന്നത്. ജനം വെള്ളക്കെട്ടിൽ വലയുമ്പോൾ സർക്കാർ കോടികൾ ധൂർത്തടിച്ച് കേരളീയം നടത്തുകയാണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ പേരിൽ രാജ്യാന്തര ടെന്നീസ് ടൂർണമെന്റ് നടത്തുന്നതിലാണ് സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശിച്ചു. വിവാദ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം നടത്തിയിട്ടുണ്ടോയെന്നത് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
'സേവനങ്ങളൊന്നും നൽകാതെയാണ് മാസപ്പടി വാങ്ങിയത്. ഞങ്ങൾക്ക് സർവ്വീസൊന്നും കിട്ടിയിട്ടില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിഎംആർഎല്ലിന് ആവശ്യമായ സോഫ്റ്റ്വെയർ സൊല്യൂഷനല്ല എക്സാലോജിക് നൽകുന്നത്. രണ്ടും വ്യത്യസ്തമാണ്. വേണമെന്ന് വിചാരിച്ചാൽ പോലും എക്സാലോജികിന് സേവനം നൽകാനാകില്ല. സേവനം നൽകാത്തത് കൊണ്ടുതന്നെ കൊടുത്ത പണം കള്ളപ്പണമാണ്. അത് നിയമപരമാക്കാനാണ് എഗ്രിമെന്റ് വെച്ചത്. ഈ ഇടപാടിനെ കുറിച്ച് ഇഡിയാണ് അന്വേഷിക്കേണ്ടത്. മാസപ്പടി വിവാദത്തിൽ ഇഡി അന്വേഷണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം', സതീശൻ പറഞ്ഞു.












Click it and Unblock the Notifications