ജനപക്ഷത്തിന്റെ സമരമാണെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ; തുറന്നടിച്ച് പിസി ജോര്‍ജ്
കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിപിഎം നേതാക്കളും സിനിമ മേഖലയിലുള്ളവരും ജോജുവിനെ പിന്തുണ അറിയിച്ച് രംഗത്തെത്തുമ്പോള്‍ താരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്.
റോഡ് ഉപരോധിച്ചല്ലാതെ പിന്നെ എങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിസി ജോര്‍ജിന്റെ വാക്കുകളിലേക്ക്...

സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ജോര്‍ജ് ആരാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. അയാള്‍ക്കും കൂടി വേണ്ടിയല്ലേ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ജോര്‍ജ് ആശുപത്രിയില്‍ കിടക്കുമായിരുന്നു. ആയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണ് ഇരിക്കുന്നത്. അയാള്‍ അവിടെ എത്തിയത് ഓട്ടോറിക്ഷയിലാണെന്ന വാദം തെറ്റാണ്. അങ്ങനെയെങ്കില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമായിരുന്നു.

തിങ്കളാഴ്ച പതിനൊന്ന് മണിമുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഈ സമരം നടക്കുന്ന സമയത്ത് ജോജു എന്തിനാണ് അവിടെ പോയതെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ഒരു സിനിമ നടനായതുകൊണ്ട് ഷൈന്‍ ചെയ്‌തേക്കാം എന്ന് ജോജു കരുത്തിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇത് എല്ലാം ചെയ്തിരുന്നെങ്കില്‍ ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ എന്നും പിസി ജോര്‍ജ് ചോദിച്ചു. അതേസമയം, ജോജുവിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ലഭിക്കുന്നത്.

ജോജുവിനെ പിന്തുണത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ജനാധിപത്യത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വര്‍ഗം അവകാശങ്ങള്‍ നേടിയെടുത്തത്. കോണ്‍ഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോര്‍ജിനെതിരെ അവര്‍ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവര്‍ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകള്‍ ഉന്നയിക്കാനും കോണ്‍ഗ്രസ് തയ്യാറായി. 'ഗുണ്ട' എന്നാണ് കെ പി സി സി അധ്യക്ഷന്‍ ജോജുവിനെ വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയില്‍ നടന്ന സംഭവങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പ്- വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications