ശബരിമലയുടെ പേരിൽ വ്യാജപ്രചാരണം; ബിജെപി അധ്യക്ഷന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ
Recommended Video

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെകുറിച്ച് വ്യാജപ്രചാരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളളയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ. ശബരിമലയിൽ പ്രതിഷേധിക്കുന്ന എൺപതുകാരനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് അറസ്റ്റ്.
കണ്ണൂർ കല്ലാച്ചി സ്വദേശിയായ എംഎം മനുവാണ് അറസ്റ്റിലായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം പ്രവർത്തകർ നടത്തിയ ഹർത്താലിനിടെ അന്നത്തെ ആലുവ ഡിവൈഎസ്പിയായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ലാത്തി ചാർജിന്റെ ചിത്രമാണ് ശബരിമലയിലെ പോലീസ് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിച്ചത്.

നാമജപഘോഷയാത്രയിൽ പങ്കെടുത്ത അച്ഛന്റെ പ്രായമുള്ള അയ്യപ്പനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന എന്ന അടിക്കുറുപ്പോടുകൂടിയാണ് ചിത്രം പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പോലീസ് മേധാവി അറിയിച്ചിരുന്നു.
ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ നിരവധി വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പോലീസ് വേഷത്തിൽ ശബരിമലയിലെത്തിയ ഡിവൈഎഫ്ഐ ഗുണ്ട എന്ന തരത്തിൽ സിവിൽ പോലീസ് ഓഫീസറുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു. കേരളാ പോലീസ് തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തി. ശബരിമല വിധി പ്രസ്തവാചിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളർന്നു എന്നതരത്തിലായിരുന്നു മറ്റൊരു പ്രചാരണം.












Click it and Unblock the Notifications