തൃശൂർ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്, മറുപടി നൽകണം
കൊച്ചി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ജയം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷമാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചയ്ക്കകം വിഷയത്തിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
തൃശൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് ദിനത്തിൽ മത ചിഹ്നങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇത് കൂടാതെ സുഹൃത്ത് മുഖേന സുരേഷ് ഗോപി പെൻഷൻ തുക വാഗ്‌ദാനം ചെയ്‌തുവെന്നും ആക്ഷേപമുണ്ട്. ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവ് അബ്‌ദുള്ളക്കുട്ടി ആവശ്യപ്പെട്ടുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇത് കൂടാതെ വേറെയും ആരോപണങ്ങൾ സുരേഷ് ഗോപിക്കെതിരെ ഹർജിയുടെ ബിനോയ് ഉന്നയിക്കുന്നുണ്ട്. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയെന്നും ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ജസ്‌റ്റിസ് കൈസർ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമ വിരുദ്ധമാണ് സുരേഷ് ഗോപിയുടെ നടപടിയെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിനോയ് ആവശ്യപ്പെടുന്നു.
മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രി വിഎസ് സുനിൽകുമാറുമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ ഇടത്-വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി മുന്നേറിയപ്പോൾ സുരേഷ് ഗോപിയും ഒപ്പത്തിനൊപ്പം വന്നിരുന്നു.
എന്നാൽ അവസാന നിമിഷം കുതിച്ചുകയറിയ സുരേഷ് ഗോപി ത്യശൂരിൽ കന്നി ജയവും കേരളത്തിൽ ബിജെപിക്കൊരു സീറ്റും ഉറപ്പാക്കിയാണ് മടങ്ങിയത്. ജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനവും ബിജെപി നൽകിയിരുന്നു. കഴിഞ്ഞ തവണ ടിഎൻ പ്രതാപൻ ജയിച്ച മണ്ഡലത്തിൽ 74,686 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ ജയം.
നിലവിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. നേരത്തെ സിനിമയിൽ തുടർന്നും അഭിനയിക്കുന്നതിന് വേണ്ടി മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു മലയാള സിനിമയിലെ സൂപ്പർതാരം. എന്നാൽ കേന്ദ്രം വഴങ്ങിയിരുന്നില്ല. ഇതോടെയാണ് സുരേഷ് ഗോപി മറ്റൊരു മലയാളിയായ ജോർജ് കുര്യനൊപ്പം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്തത്.












Click it and Unblock the Notifications