കേരളത്തിലെ ജനങ്ങളുടെ നേർക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി പ്രഖ്യാപിച്ചിരിക്കുന്നത്: കൊടിക്കുന്നില്‍
ദില്ലി: കെ റെയില്‍ വിഷയം വീണ്ടും ലോക്സഭയില്‍ ചർച്ചയാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിലെ ജനങ്ങളുടെ നേർക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ റഷ്യ ഉക്രെയിൻ യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സർക്കാരും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിൽവർ ലൈൻ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപി.
കെ റെയിൽ സിൽവർ ലൈൻ പദ്ധതി കമ്യൂണിസ്ററ് ഭീകരതയുടെയും അതിക്രമത്തിന്റെയും ഉദാഹരണം ആണ്. കാക്കി വേഷം കൊണ്ട് മാത്രം പോലീസ് ആയ മാർക്സിസ്റ്റ് ഗുണ്ടകളായി പ്രവർത്തിക്കുന്ന പോലീസുകാരും, കെ റെയിൽ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളുംകയ്യേറി അടുക്കളകളിൽ പോലും സർവ്വേ കല്ലിട്ടും, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കിടപ്പു രോഗികളെയും, പുരോഹിതരെയും പോലും ആക്രമിച്ചുകൊണ്ടും, സിൽവർ ലൈൻ എന്ന ടൈം ബോംബ് കേരളത്തിനുമേൽ സ്ഥാപിക്കുകയാണ്.

അമ്പലങ്ങൾ, പള്ളികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും, പാവപ്പെട്ടവർ തങ്ങളുടെ ജീവിതം ഹോമിച്ചുണ്ടാക്കിയ വീടുകളും വരെ തട്ടിയെടുക്കാൻ സി പി എം ഗുണ്ടകളെ കെ റെയിൽ കിങ്കരന്മാരായി അഴിച്ചു വിട്ടിരിക്കയാണ്.പൊതുജനത്തിന് മേൽ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ കടബാധ്യത കെട്ടിവെക്കാനായിട്ടുള്ള ഈ പദ്ധതിയുടെ ഡി പി ആർ വെറും തട്ടിപ്പാണെന്നും അറുപത്തിമൂവായിരം കോടി രൂപയുടെ ഡി പി ആർ കൊണ്ട് നാല് പാലം പോലും പണിയാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയില്ല. നീതി ആയോഗ്, റെയിൽവേ, കേന്ദ്ര സർക്കാർ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജൻസിയുടെയും അംഗീകാരം ലഭിക്കാത്ത സിൽവർ ലൈൻ പദ്ധതിക്കായി പൊലീസിലെ സി പി എം ഗുണ്ടകളെ ജനങളുടെ നേരെ അഴിച്ചു വിടുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത് എന്നും ഒഴിപ്പിക്കേണ്ടവരുടെ വീടുകളിലേക്ക് കെ റെയിൽ , പോലീസ് സംഘങ്ങൾ ചെല്ലുന്നത് ഹിറ്റ്ലറുടെ കാലത്ത് നാസികൾ ജൂതന്മാരെ തേടി അവരുടെ വീടുകളിലേക്ക് ഇരച്ചുകയറുന്നത് പോലെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വിമർശിക്കുന്നു.
ചെങ്ങന്നൂർ മുളക്കുഴയിൽ കെ റെയിൽ സിൽവർ ലൈൻ സർവ്വേ നടത്തി കല്ലിടാനായി വന്ന കെ റെയിൽ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും, പാവപ്പെട്ട ജനങ്ങളോട് അതിക്രമം കാട്ടുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കുകയും രോഗികളെ ഉൾപ്പെടെ അക്രമിക്കുകയും ചെയ്ത സംഭവം അറിഞ്ഞപ്പോൾ അത് അന്വേഷിക്കാനും പ്രശ്നപരിഹാരത്തിനുമായി അവിടെ എത്തിയ എന്നെ ജാതിപരമായി അവഹേളിക്കുകയും അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അവകാശ ലംഘനത്തിന് ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകി.
കേരളത്തിൽ ഇന്ന് നടക്കുന്നത് നന്ദിഗ്രാമിലെ പോലെയുള്ള ഭരണകൂട ഭീകരത കൂടിയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. യാതൊരു രീതിയിലുള്ള അനുമതിയും കേന്ദ്ര സർക്കാരോ റെയിൽവേ വകുപ്പോ സിൽവർ ലൈൻ പദ്ധതിക്ക് നൽകരുതെന്നും വിദേശ ഏജൻസികളിൽ നിന്നും കടം എടുക്കാനുള്ള അനുവാദവും നൽകരുതെന്നുംആവശ്യപ്പെട്ടു. തികച്ചും നിന്ദ്യമായ രീതിയിൽ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശലംഘനത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചാണ് ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഷ്ടത്തിലായ കശുവണ്ടി മേഖലയെ പുനരുജീവിപ്പിക്കാനും, പ്രാദേശിക കശുവണ്ടി വ്യവസായത്തിന് ആവശ്യമായ കശുവണ്ടി പ്രാദേശികമായി തന്നെ ഉൽപാദിപ്പിക്കാനും വേണ്ട നടപടികൾ കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ സ്വീകരിച്ചു വരുന്നതായും , മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ , രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങിയ പദ്ധതികൾ ഡയറക്റ്ററേറ്റ് ഓഫ് കാഷ്യു നട്ട് ആൻഡ് കൊക്കോ ഡെവലപ്പ്മെന്റ് മുഖേന നടപ്പാകുന്നതായും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ തന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞാതായും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.












Click it and Unblock the Notifications