ഓഖിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച, രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ നാശം വിതറിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ പരിഭ്രാന്തരാവാതിരിക്കാനുള്ള ഇടപെടലുകള്‍ സംസ്ഥാനത്ത് ആകെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലില്‍പോയ മല്‍സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനായി നിരവധി കപ്പലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകളും നേവിയുടെ നാലു കപ്പലുകളും ഇതില്‍പ്പെടുന്നു. കടലില്‍പ്പെട്ടു പോയ വള്ളത്തിനടുത്ത് കപ്പലുകള്‍ എത്തിയിട്ടും മല്‍സ്യതൊഴിലാളികള്‍ കപ്പലില്‍ കയറാന്‍ കൂട്ടാക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭക്ഷണം ലഭിച്ചാല്‍ വള്ളത്തില്‍ തന്നെ തുടരാമെന്നാണ് അവര്‍ പറയുന്നത്. രക്ഷിക്കുകയാണെങ്കില്‍ തങ്ങളുടെ ബോട്ടിനെയും കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നതായി പിണറായി പറഞ്ഞു. വള്ളം കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടു വരുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണവും വെള്ളവും എത്തിക്കും

ഭക്ഷണവും വെള്ളവും എത്തിക്കും

ചില മല്‍സ്യ തൊഴിലാളികള്‍ കപ്പലില്‍ കയറാന്‍ കൂട്ടാക്കാതിരിക്കുന്നതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കടലില്‍പെട്ട മല്‍സ്യ തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കുന്നതിനായി എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനങ്ങളും നേവിയുടെ രണ്ടു ഹെലികോപ്റ്ററുകളും രംഗത്തുണ്ടെന്ന് പിണറായി അറിയിച്ചു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്ററുകള്‍ക്കു പറക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍ട്രോള്‍ റൂം തുറന്നു

കണ്‍ട്രോള്‍ റൂം തുറന്നു

എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ കണ്‍ട്രോള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയെല്ലാം അവിടെ ഒരുങ്ങിയിട്ടുണ്ട്.
കടലില്‍പ്പെട്ടു പോയ 33 മല്‍സ്യ തൊഴിലാളികള്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ചു കഴിഞ്ഞു. തീരദേശത്തുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനായി 13 ക്യാംപുകള്‍ ഇതിനകം ആരംഭിച്ചതായും പിണറായി കൂട്ടിച്ചേര്‍ത്തു.

മര്‍ച്ചന്റ് നേവിയുടെ സഹായം തേടി

മര്‍ച്ചന്റ് നേവിയുടെ സഹായം തേടി

കപ്പല്‍പാതയിലൂടെ പോവുന്ന മര്‍ച്ചന്റ് നേവി കപ്പലുകളുടെ സഹായവും തേടിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മല്‍സ്യ തൊഴിലാളികളെ ശ്രദ്ധയില്‍പ്പെടാല്‍ അവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു മര്‍ച്ചന്റ് നേവിക്കു സന്ദേശമയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഈ നീക്കം ഫലം കാണുകയും ചെയ്തു. 10 പേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

ശനിയാഴ്ച വരെ ഇതേ നില തുടരും

ശനിയാഴ്ച വരെ ഇതേ നില തുടരും

ശനിയാഴ്ച രാവിലെ വരെ ഇതേ കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നതെന്നു പിണറായി പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് കേരള തീരത്തു നിന്നും 200 കിലോമീറ്റര്‍ അകലത്തേക്കു മാറിയിട്ടുണ്ട്. ചുഴലിയുടെ യഥാര്‍ഥ വേഗത 70 കിലോമീറ്ററാണ്. ഓഖി അകന്നു പോയതിനാല്‍ തീരത്തെ കാറ്റിന്റെ വേഗതയ്ക്ക് കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

English summary
Pinarayi says govt got warning aout cyclone on thursday afternoon.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്