സിപിഎമ്മും പിണറായിയും ശൈലി മാറ്റേണ്ട; എല്‍ഡിഎഫ് മൂന്നാമതും വരുമെന്ന് വെള്ളാപ്പള്ളി
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത് എന്നും എന്നാല്‍ പിണറായി വിജയന്‍ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി ഇതേ ശൈലിയിലാണ് ആദ്യത്തെ അഞ്ച് വര്‍ഷം ഭരിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും ആ ശൈലിയെ വിമര്‍ശിച്ചിട്ടും മാറ്റിയില്ല എന്നും രണ്ടാമതും അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശൈലി കൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടില്ല എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ശബരിമല വിഷയമടക്കം തീപ്പൊരി പോലെ നിന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത്.

'ഇടതുപക്ഷം വിജയിക്കില്ലെന്ന് എല്ലാവരും പ്രതീക്ഷിപ്പോല്‍ വന്‍ വിജയം നേടി. മൂന്നാം വട്ടവും പിണറായി സര്‍ക്കാര്‍ തുടരും എന്നതില്‍ സംശയമില്ല,' അദ്ദേഹം വ്യക്തമാക്കി. കരുണാകരനും നായനാര്‍ക്കും വിഎസിനും വ്യത്യസ്ത ശൈലിയായിരുന്നു എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിന് കാരണം എന്നും പിണറായിയുടെ ശൈലിയുമായി ജനങ്ങള്‍ താദാത്മ്യപ്പെട്ടു എന്നും അദ്ദേഹം വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി സിപിഎം പരിഹാരം കാണണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ സാധാരണക്കാര്‍ക്കെല്ലാം കിറ്റ് ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശികയായി എന്നും വെള്ളാപ്പള്ളി പറഞ്ഞു. മാവേലി സ്റ്റോറിന് അകത്ത് പാറ്റയ്ക്ക് പോലും ഭക്ഷണം കിട്ടുന്നില്ല എന്നും അദ്ദേഹം പരിഹസിച്ചു.
അടിസ്ഥാന വര്‍ഗത്തിന് വേണ്ടത്ര പരിഗണനയും പരിരക്ഷയും കൊടുക്കാതിരുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായി എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷങ്ങള്‍ കാര്യത്തോട് അടുത്തപ്പോള്‍ വോട്ടു ചെയ്തില്ല എന്നും വെള്ളാപ്പള്ളി ആരോപിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാന്‍ കാരണം ക്രിസ്ത്യന്‍ വോട്ടുകളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൃശൂരില്‍ നടന്നത് സാംപിള്‍ വെടിക്കെട്ട് മാത്രമാണ് എന്നും ക്രിസ്ത്യന്‍ സമുദായം വലിയ ഭീഷണിയാണ് നേരിടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ മുസ്ലിം വിരോധിയോ വര്‍ഗീയവാദിയോ അല്ലെന്നും അങ്ങനെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
'ഒരു പാര്‍ട്ടിയോടും എനിക്ക് വിരോധമില്ല. ഒരു പാര്‍ട്ടിയോടും വിധേയത്വവുമില്ല. പച്ചയും ചുവപ്പും അല്ല, മഞ്ഞ പുതപ്പിക്കാനാണ് എന്റെ ശ്രമം. കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎ മുന്നണിയാണ്. ത്രികോണ മത്സരത്തിന്റെ ഗുണം ലഭിക്കുന്നത് എപ്പോഴും എല്‍ഡിഎഫിനാണ്. ഇരിങ്ങാലക്കുടയിലും ചെങ്ങന്നൂരും വര്‍ക്കലയിലും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് കൂടിയപ്പോള്‍ എല്‍ഡിഎഫിനാണ് ഗുണം ലഭിച്ചത്,' വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം കേരളത്തിലെ ഒമ്പത് രാജ്യസഭാ എം പിമാരില്‍ ഒരാള്‍ പോലും പിന്നാക്ക വിഭാഗത്തില്‍ നിന്നില്ല എന്നും ഏഴ് പേര്‍ ന്യൂനപക്ഷ വിഭാക്കാരും 2 പേര്‍ ഭൂരിപക്ഷ വിഭാഗക്കാരുമാണ് എന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി ഇടത് വലത് മുന്നണികള്‍ പിന്നാക്ക വിഭാഗത്തെ അവഗണിക്കുകയാണ് എന്നും ഇടത് പ്രസ്ഥാനത്തെ വളര്‍ത്തിയ ഈഴവ വിഭാഗത്തെ തഴയുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications