'കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ച് കളയുകയാണ്', പ്രിയങ്ക ഗാന്ധിക്ക് പിണറായി വിജയന്റെ മറുപടി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ച് കളയുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ഇടത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ആരോപിച്ചത്.
രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ തടിച്ചത് ആര് ഭരിക്കുമ്പോഴാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് രാജ്യത്ത് ആഗോളവത്ക്കരണ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ഇത്തരം നയങ്ങള്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നത് ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത് ആണെന്നും അതേ നയങ്ങള്‍ തന്നെയാണ് ബിജെപി സര്‍ക്കാരും തുടരുന്നത് എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൊല്ലത്ത് യുഡിഎഫ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് പ്രിയങ്ക ഗാന്ധി ഇടത് സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും ആണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്ന് പ്രിയങ്ക ആരോപിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രിക കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുളളതാണ് എന്നും കേരളത്തിലെ സമ്പത്ത് ഇടത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍പന നടത്തുകയാണ് എന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന് സമാനമാണ് കേരളത്തിലെ സര്‍ക്കാര്‍ എന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications