ചെറിയാന്‍ ഫിലിപ്പിന് മാറ്റമുണ്ടോ എന്നറിയില്ലെന്ന് മുഖ്യമന്ത്രി; വിമര്‍ശനത്തിന് മറുപടി
തിരുവനന്തപുരം: പ്രകൃതി ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണ് എന്നറിയില്ല. മുമ്പ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന വ്യക്തിയാണ് ചെറിയാന്‍ ഫിലിപ്പ്. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം. അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ലെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നെതര്‍ലാന്റ്‌സ് മാതൃക അവിടെ പോയി മനസിലാക്കിയ ശേഷം എന്ത് സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല എന്ന് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ദുരന്തനിവാരണ രംഗത്തെ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം, സിപിഎമ്മുമായി ചെറിയാന്‍ ഫിലിപ്പ് അകലുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോഓഡിനേറ്റര്‍ ആയിരുന്നു ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭാ സീറ്റുകള്‍ ഒഴിവ് വന്നെങ്കിലും ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കാതെ വന്നതോടെയാണ് സിപിഎമ്മില്‍ നിന്ന് അദ്ദേഹം അകലാന്‍ തുടങ്ങിയതത്രെ. നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് നല്‍കിയില്ല.
ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ പദവി നിരസിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ് ചെയ്തത്. ഇന്ന് ഉത്തരവ് ഖാദിബോര്‍ഡ് റദ്ദാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി പരസ്യമായി നിരസിച്ചതിന് ശേഷം ചെറിയാന്‍ ഫിലിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കി തിടുക്കത്തിലുള്ള തീരുമാനം.
കോണ്‍ഗ്രസ് വിട്ടിട്ട് 20 വര്‍ഷം കഴിഞ്ഞെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചെറിയാന്‍ ഫിലിപ്പിന് അടുത്ത ബന്ധമുണ്ട്. എകെ ആന്റണി ഉള്‍പ്പെടെയുള്ളവരുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുന്നതോടെ ഒട്ടേറെ രാഷ്ട്രീയ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യസഭാ സീറ്റ് ഒഴിവ് വന്ന കഴിഞ്ഞ ഏപ്രിലില്‍, വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications