പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്നതിന്റെ ഉദാഹരണം; സതീശനെതിരെ പിണറായി
തൃശൂര്‍: ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് സതീശന്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നും എന്നാല്‍ തുടക്കം മുതലേ സതീശന് താളം തെറ്റി എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ന്യൂസ് 18 കേരളയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നവരെ പോലും കോണ്‍ഗ്രസ് ഒരുമിച്ച് നിര്‍ത്തിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയുടെ ബി ടീമിനെ പോലെ പ്രവര്‍ത്തിച്ച കമല്‍നാഥിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്ന നിലയായിരുന്നു എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

18 പേര്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും ലോക്‌സഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ യു ഡി എഫ് എം പി മാര്‍ക്ക് ആയില്ല. മതനിരപേക്ഷതയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളില്‍ പോലും യു ഡി എഫ് എം പി മാരുടെ ശബ്ദം ഉയര്‍ന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തിരത്തെടുപ്പില്‍ ജനം ഇതൊക്കെ വിലയിരുത്തി എല്‍ ഡി എഫിനൊപ്പം നില്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായില്‍ തോന്നുന്നതെന്തും വിളിച്ച് പറയുന്നയാളായി വി ഡി സതീശന്‍ മാറി എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. എന്തിനെയും ഏതിനേയും കണ്ണടച്ച് എതിര്‍ക്കുന്ന സമീപനമാണ് സതീശന്റേത് എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് കെ പി സി സി പ്രസിഡന്റാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായവും കെ പി സി സിയുടെ അഭിപ്രായവും പറയുന്നത് വി ഡി സതീശനാണ് എന്നും ശിവന്‍കുട്ടി പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്നും വിമര്‍ശനവുമായി സതീശന്‍ രംഗത്തെത്തി. കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്ക് പോയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധനകാര്യമന്ത്രി എങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമായിരുന്നു. പെന്‍ഷനും ശമ്പളവും സാമൂഹിക സുരക്ഷാ പദ്ധതികളും താറുമാറായി കിടക്കുകയാണ്. സെക്രട്ടറിയേറ്റിലെ പല കസേരകളിലും ഉദ്യോഗസ്ഥരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications