'തെറ്റായ നോക്കോ വാക്കോ വേണ്ട'; സ്ത്രീത്വത്തെ അപമാനിച്ചാല്‍ ആരായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കെതിരെ മോശമായ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാട്‌നം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
'സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണിത്. തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം കോണ്‍ഗ്രസിനും യു ഡി എഫിനും എതിരെ രൂക്ഷ വിമര്‍ശനവും പിണറായി വിജയന്‍ നടത്തി. അകറ്റി നിര്‍ത്തേണ്ട വര്‍ഗീയ ശക്തികളെ യു ഡി എഫ് കൂടെ കൂട്ടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും പിന്തുടരുന്നത് ഒരേ നയമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്നും അവര്‍ക്ക് ചോദ്യം ചെയ്യാനാകില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദി തുടരുന്നത് മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നയങ്ങളാണ് എന്നും ഇരുവരുടെയും നയം ഒന്നാണ് എന്നും അദ്ദേഹം പരിഹസിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയായും എസ് ഡി പി ഐയുമായും അടുത്ത ബന്ധം പുലര്‍ത്തുകയാണ് യു ഡി എഫ്. ലീഗിന്റെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇക്കാര്യം ലീഗും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക ലാഭത്തിനു വേണ്ടി അവരെ കൂടെ കൂട്ടിയാല്‍ തകര്‍ച്ചയായിരിക്കും ഫലമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
തൃശ്ശൂരില്‍ ബി ജെ പി വിജയിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ് എന്നും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസിന് കിട്ടിയ 86000-ത്തോളം വോട്ടുകള്‍ 2024 ല്‍ ബി ജെ പിയിലേക്ക് മറിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011-16 വരെ ഒരു ദുരന്തവും കേരളത്തില്‍ ഉണ്ടായില്ല എന്നാല്‍ യു ഡി എഫ് ഭരണം എന്ന ദുരന്തമുണ്ടായെന്നും പിണറായി പരിഹസിച്ചു.
നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല. എന്നാല്‍ എല്‍ഡിഎഫ് അത് നടപ്പാക്കിയെന്നും അതാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications