കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു, കൂട്ടിന് 18 മന്ത്രിമാര്‍; ഇതാണ് ടീം പിണറായി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സംസ്ഥാന മുഖ്യമന്ത്രിയായി സി പി എം നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്.

<strong>സ്ഥാനമേല്‍ക്കും മുമ്പേ കോടികളുടെ ഒന്നാം പേജ് പരസ്യം, ഇത് ശരിയോ പിണറായി സഖാവേ?</strong>സ്ഥാനമേല്‍ക്കും മുമ്പേ കോടികളുടെ ഒന്നാം പേജ് പരസ്യം, ഇത് ശരിയോ പിണറായി സഖാവേ?

72 കാരനായ പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയില്‍ സി പി എം, സി പി ഐ, ജനതാദള്‍ എസ്, എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികളില്‍ നിന്നായി 19 മന്ത്രിമാരാണ് ഉള്ളത്. 12 പേര്‍ സി പി എമ്മില്‍ നിന്നും നാല് പേര്‍ സി പി ഐയില്‍ നിന്നും. രാവിലെ മന്ത്രിമാരുടെ പട്ടികയുമായി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ സി പി എം നയിക്കുന്ന ആറാമത് മന്ത്രിസഭയാണ് ഇത്. ആരൊക്കെയാണ് ഈ മന്ത്രിസഭയിലെ അംഗങ്ങള്‍ എന്ന് നോക്കൂ...വീഡിയോ കാണാം

പിണറായി വിജയന്‍ (മുഖ്യമന്ത്രി)

പിണറായി വിജയന്‍ (മുഖ്യമന്ത്രി)

കണ്ണൂരിലെ ധര്‍മടത്തുനിന്നുള്ള നിയമസഭാംഗം. 72 വയസ്സ്. ജനനത്തീയതി 1944 മെയ് 24. പേരിനൊപ്പമുള്ള പിണറായി തന്നെയാണ് സ്വദേശം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. ഭാര്യ കമല. ഒരു മകനും ഒരു മകളും. സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം. മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി പ്രവര്‍ത്തിച്ച പരിചയം കൈമുതല്‍. മുഖ്യമന്ത്രി സ്ഥാനത്ത് ഇതാദ്യം. ആഭ്യന്തരം, ഐ ടി വകുപ്പുകളും പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും.

തോമസ് ഐസക്

തോമസ് ഐസക്

ആലപ്പുഴയില്‍ നിന്നുമുള്ള നിയമസഭാംഗം. 63 വയസ്സ്. 1952 സെപ്തംബര്‍ 26ന് ജനനം. മഹാരാജാസില്‍ നിന്നും ബിരുദവും ജെ എന്‍ യുവില്‍ നിന്നും ഡോക്ടറേറ്റും നേടി. എസ് എഫ് ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തി. കേരളത്തിലെ ഏറ്റവും ജനപ്രിയരായ എം എല്‍ എമാരില്‍ ഒരാള്‍. സാമ്പത്തിക വിദഗ്ധനായ തോമസ് ഐസക് കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ഇത്തവണയും അതേ വകുപ്പ് തന്നെ.

ഇ പി ജയരാജന്‍

ഇ പി ജയരാജന്‍

മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ ഇ പി ജയരാജന്‍ സംസ്ഥാന നിയമസഭയില്‍ എത്തുന്നത്. 65 വയസ്സ്. ഭാര്യ ഇന്ദിര. രണ്ട് ആണ്‍മക്കള്‍. കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. ഡി വൈ എഫ് ഐയുടെ ആദ്യത്തെ ദേശീയ പ്രസിഡണ്ടാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാക്കളില്‍ ഒരാളാണ് ഇ പി ജയരാജന്‍. 1991 ല്‍ മട്ടന്നൂരില്‍ നിന്നും ആദ്യമായി നിയമസഭാംഗമായി. പിണറായി മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

ജി സുധാകരന്‍

ജി സുധാകരന്‍

അമ്പലപ്പുഴ എം എല്‍ എ. 65 വയസ്സ്. ഭാര്യ ജൂബിലി നവപ്രഭ. ഒരു മകന്‍, നവനീത്. എസ് എഫ് ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡണ്ടാണ് ജി സുധാകരന്‍. കൊല്ലത്ത് നിന്നും രാഷ്ട്രീയജീവിതം തുടങ്ങിയ ജി സുധാകരന്‍ പിന്നീട് അമ്പലപ്പുഴയിലെത്തി. ഏഴാമത്തെ തവണയാണ് ജി സുധാകരന്‍ നിയമസഭാംഗമാകുന്നത്. വി എസ് മന്ത്രിസഭയില്‍ ദേവസ്വം, കയര്‍, സഹകരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇത്തവണ പൊതുമരാമത്ത് വകുപ്പാണ്.

എ കെ ബാലന്‍

എ കെ ബാലന്‍

തരൂരില്‍ നിന്നുള്ള നിയമസഭാംഗം. 67 വയസ്സ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനായി. സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു.

കെ കെ ശൈലജ

കെ കെ ശൈലജ

കൂത്തുപറമ്പില്‍ നിന്നുള്ള നിയമസഭാംഗം. 59 വയസ്സ്. പഴശ്ശി സ്വദേശിനിയാണ് കെ കെ ശൈലജ. മട്ടന്നൂര്‍ പഴശ്ശിരാജ കോളജില്‍ ബിരുദം. അധ്യാപികയായിരുന്നു. 2004 ല്‍ അധ്യാപക ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തില്‍. ഭര്‍ത്താവ് കെ ഭാസ്‌കരന്‍. രണ്ട് ആണ്‍മക്കളാണ്. ശോഭിത്തും ലസിത്തും. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യം, സാമൂഹ്യനീതി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

പ്രൊഫ. സി രവീന്ദ്രനാഥ്

പ്രൊഫ. സി രവീന്ദ്രനാഥ്

പുതുക്കാട് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍. 61 വയസ്സാണ്. മൂന്നാമത്തെ തവണയാണ് പുതുക്കാട് നിന്നും ജയിക്കുന്നത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്നു. ജനകീയാസൂത്രണ പദ്ധതി, സാക്ഷരതാ മിഷന്‍ പരിപാടികളിലൂടെ ജനകീയന്‍, ജനപ്രിയന്‍. ഭാര്യ എം കെ വിജയം. രണ്ട് മക്കളാണ്. ലക്ഷ്മീദേവിയും ജയകൃഷ്ണനും. പിണറായി വിജയന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി.

ടി പി രാമകൃഷ്ണന്‍

ടി പി രാമകൃഷ്ണന്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും നിയമസഭയിലേക്ക്. 66 വയസ്സ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സി പി എം നേതാവായ എ കെ നളിനിയാണ് ഭാര്യ. രണ്ട് മക്കളാണ്. രജുലാലും രഞ്ജിനിയും. വിദ്യാര്‍ഥി - യുവജന സംഘടനകളിലൂടെയും ട്രേഡ് യൂണിയിനിലൂടെയും രാഷ്ട്രീയത്തിലേക്ക്. അടിയന്തിരാവസ്ഥക്കാലത്ത് കൊടിയ മര്‍ദ്ദനത്തിന് ഇരയായി. പിണറായി വിജയന്‍ മന്ത്രിസഭയിലെ എക്‌സൈസ്, തൊഴില്‍ വകുപ്പുകളാണ് ടി പി രാമകൃഷ്ണന്‍ കൈകാര്യം ചെയ്യുക.

ജെ മേഴ്‌സിക്കുട്ടിയമ്മ

ജെ മേഴ്‌സിക്കുട്ടിയമ്മ

കുണ്ടറയില്‍ നിന്നുള്ള നിയമസഭാംഗം. 59 വയസ്സ്. എസ് എഫ് ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തി. കൊല്ലം എസ് എന്‍ കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം. ബി തുളസീധരക്കുറുപ്പാണ് ഭര്‍ത്താവ്. സോഹന്‍, അരുണ്‍ എന്നിവരാണ് മക്കള്‍. കുണ്ടറയില്‍ നിന്നും ഇത് രണ്ടാമൂഴം. പുതിയ മന്ത്രിസഭയിലെ ഫിഷറീസ്, പരമ്പരാഗത വ്യവസായം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

എ സി മൊയ്തീന്‍

എ സി മൊയ്തീന്‍

കുന്നംകുളത്ത് നന്നുള്ള നിയമസഭാംഗം. 60 വയസ്സാണ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തി. മുമ്പ് വടക്കാഞ്ചേരിയില്‍ കെ മുരളീധരനെ തോല്‍പിച്ച് ആദ്യമായി എം എല്‍ എ ആയി. എസ് ഉസൈബ ബീവിയാണ് ഭാര്യ. ഒരു മകള്‍. ഡോ. ഷീബ. പിണറായി മന്ത്രിസഭയില്‍ സഹകരണം, ടൂറിസം എന്നീ രണ്ട് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു.

കടകംപള്ളി സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം എം എല്‍ എ. മുമ്പ് ഇവിടെത്തന്നെ എം എല്‍ എ ആയിട്ടുണ്ട്. ഇവിടെ മത്സരിച്ച് തോറ്റിട്ടുമുണ്ട്. 61 വയസ്സ്. ഭാര്യ സുലേഖ. അരുണ്‍, അനൂപ് എന്നിവരാണ് മക്കള്‍. ഡി വൈ എഫ് ഐയുടെ ആദ്യത്തെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ആദ്യമായിട്ടാണ് മന്ത്രിയാകുന്നത്. പിണറായി മന്ത്രിസഭയിലെ ദേവസ്വം, വൈദ്യുതി എന്നീ രണ്ട് സുപ്രധാന വകുപ്പുകളുടെ ചുമതല കടകംപള്ളി സുരേന്ദ്രനാണ്.

 കെ ടി ജലീല്‍

കെ ടി ജലീല്‍

തവനൂര്‍ എം എല്‍ എ. 49 വയസ്സ്. ഭാര്യ എം പി ഫാത്തിമ. മൂന്ന് മക്കള്‍. ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍. മുസ്ലിം ലീഗിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഇടത് സഹയാത്രികന്‍. ഇടതുസ്വതന്ത്രനായി മത്സരിച്ച് തവനൂരില്‍ നിന്നും വിജയം. തദ്ദേശ സ്വയം ഭരണം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളാണ് കെ ടി ജലീല്‍ പിണറായി മന്ത്രിസഭയില്‍ കൈകാര്യം ചെയ്യുന്നത്.

ഇ ചന്ദ്രശേഖരന്‍

ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് നിന്നുള്ള നിയമസഭാംഗം. 67 വയസ്സ്. ഭാര്യ സാവിത്രി. മകള്‍ നീലി ചന്ദ്രന്‍. സംസ്ഥാന നിയമസഭയില്‍ ഇത് രണ്ടാമൂഴം. മന്ത്രിസ്ഥാനത്ത് ആദ്യമായി. മന്ത്രിസ്ഥാനം മാത്രമല്ല, സി പി ഐ നിയമസഭ കക്ഷി നേതാവ് കൂടിയാണ് ഇ ചന്ദ്രശേഖരന്‍. പിണറായി വിജയന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയാണ്.

വി എസ് സുനില്‍കുമാര്‍

വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍ എം എല്‍ എ. 48 വയസ്സ്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. സി പി ഐയുടെ തീപ്പൊരി നേതാവ്. തൃശ്ശൂരില്‍ ഇത്തവണ തോല്‍പിച്ചത് യു ഡി എഫിലെ പത്മജ വേണുഗോപാലിനെ. രേഖ സുനില്‍കുമാറാണ് ഭാര്യ. ഒരു മകന്‍. നിരഞ്ജന്‍ കൃഷ്ണ. പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രി.

അഡ്വ. കെ രാജു

അഡ്വ. കെ രാജു

പുനലൂര്‍ മണ്ഡലത്തില്‍ നിന്നും കെ രാജുവിന് ഇത് മൂന്നാമൂഴമാണ്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ ഐ എസ് എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ഡി ഷീബയാണ് ഭാര്യ. മക്കള്‍ നിതിന്‍ രാജ്, റിതിഖ് രാജ്.

പി തിലോത്തമന്‍

പി തിലോത്തമന്‍

ചേര്‍ത്തല എം എല്‍ എ. 58 വയസ്സാണ്. സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. ബി എ ഇക്കണോമിക്‌സില്‍ ബിരുദം. ഭാര്യ വി ഉഷ. മക്കള്‍ അമൃത, അര്‍ജുന്‍. പിണറായി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യും.

കടന്നപ്പള്ളി രാമചന്ദ്രന്‍

കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍ എം എല്‍ എ. 71 കാരനായ കടന്നപ്പള്ളി പിണറായി മന്ത്രിസഭയിലെ വെറ്ററന്‍മാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട്. സി എം സരസ്വതിയാണ് ഭാര്യ. മകന്‍ മിഥുന്‍. മന്ത്രിസ്ഥാനത്ത് രണ്ടാം തവണ. ഇത്തവണ മ്യൂസിയം, തുറമുഖം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

മാത്യു ടി തോമസ്

മാത്യു ടി തോമസ്

തിരുവല്ലയില്‍ നിന്നുള്ള നിയമസഭാംഗം. 65 വയസ്സ്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശി. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കഴിവുറ്റ മന്ത്രി എന്ന് പേരെടുത്തു. തിരുവല്ലയില്‍ നിന്നും ഇത്തവണ ഹാട്രിക് വിജയം. പിണറായി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയാണ്.

എ കെ ശശീന്ദ്രന്‍

എ കെ ശശീന്ദ്രന്‍

എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം. എന്‍ സി പി യുടെ രണ്ട് എം എല്‍ എമാരില്‍ ഒരാള്‍. ഭാര്യ അനിതാ കൃഷ്ണന്‍. മകന്‍ വരുണ്‍ ശശീന്ദ്രന്‍. കെ എസ് യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ഗതാഗതം, ജലഗതാഗതം എന്നീ രണ്ട് വകുപ്പുകളാണ് എ കെ ശശീന്ദ്രന് പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഉള്ളത്.

English summary
CPM leader Pinarayi Vijayan took over as Chief Minister of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X