കോണ്‍ഗ്രസിനെ വെല്ലും ജംബോ കമ്മിറ്റിയുമായി കേരള കോണ്‍ഗ്രസ്! ആഗ്രഹിച്ചിട്ടല്ല, നിവൃത്തികേടുകൊണ്ട്
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി ജോസ് കെ മാണിയെ പാര്‍ട്ടിയില്‍ നിന്ന് പിജെ ജോസഫ് ശരിക്കും പുറത്താക്കുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഒടുവില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും എല്ലാം ജോസിന് കിട്ടിയപ്പോള്‍ പുറത്തായത് പിജെ ജോസഫ് ആയിരുന്നു.
ഒടുവില്‍ പിസി തോമസിന്റെ ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിച്ചാണ് ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സീറ്റ് വിഭജനത്തില്‍ കടുംപിടിത്തം പിടിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെറും രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടിയും വന്നു. അന്ന് മുതലേയുള്ള ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ജോസഫും കൂട്ടരും ഇപ്പോള്‍. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ജംബോ കമ്മിറ്റി. പരിശോധിക്കാം...

ചാക്കിട്ടുപിടിത്തം
ജോസും ജോസഫും പിരിഞ്ഞപ്പോള്‍ തുടങ്ങിയതായിരുന്നു പരസ്പരമുള്ള ചാക്കിട്ടുപിടിത്തം. ആര്‍ക്കൊപ്പമാണ് കൂടുതല്‍ നേതാക്കള്‍ എന്നത് പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനുള്ള മാര്‍ഗ്ഗമായാണ് രണ്ട് കൂട്ടരും കണ്ടത്. എന്തായാലും നേതാക്കളില്‍ വലിയൊരു പക്ഷവും ജോസഫിനൊപ്പമായിരുന്നു നിന്നത്. അത് വലിയ പ്രതീക്ഷയും ജോസഫിന് നല്‍കി.

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍
തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ജോസഫ് പ്രതിരോധത്തിലായിരുന്നു. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ആയെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ ആയില്ല. ജോസ് ആണെങ്കില്‍ ഇടതുപക്ഷത്തെ കോട്ടയത്ത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അന്ന് മുതല്‍ ജോസഫിന് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്.

കൊഴിഞ്ഞുപോകാതിരിക്കാന്‍
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി വാശി പിടിച്ചത്, കൂടെ വന്നവരെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി ആയിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ബാക്കിയുള്ള അസംതൃപ്തര്‍ക്ക് മറ്റ് പദവികള്‍ നല്‍കാമെന്ന പ്രതീക്ഷയായിരുന്നു ജോസഫിന്. പക്ഷേ, തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ആണ് യുഡിഎഫ് നേരിട്ടത്.

വഴി ജംബോ കമ്മിറ്റി തന്നെ
ഇത്തരം ഒരു സാഹചര്യത്തിലാണ് 'ജംബോ കമ്മിറ്റി' എന്ന ഒഴിവാക്കാനാവാത്ത ദുരന്തത്തിലേക്ക് ജോസഫിന്റെ പാര്‍ട്ടി എത്തിയത്. പിസി തോമസിനൊപ്പമുള്ളവര്‍ക്കും പദവികള്‍ നല്‍കേണ്ടതുണ്ട് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ജംബോ കമ്മിറ്റി കൂടുതല്‍ ജംബോ ആകാന്‍ ഇതില്‍പരം എന്ത് വേണം...!

കേട്ടാല്‍ ഞെട്ടും
14 വൈസ് ചെയര്‍മാന്‍മാരാണ് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. അതില്‍ മൂന്ന് പേര്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് മാത്രമുള്ളവരാണ്. 55 ജനറല്‍ സെക്രട്ടറിമാരാണ് ഇപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടിയ്ക്കുള്ളത് എന്നാണ് പറയുന്നത്. എന്നാല്‍ ശരിക്കും ഇത് എഴുപത് കടക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് കൂടി കേള്‍ക്കണം
കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ പിജെ ജോസഫ് ആണ്. പാര്‍ട്ടിയുടെ ഉടമയായിരുന്ന പിസി തോമസ് വര്‍ക്കിങ് ചെയര്‍മാനും. ഇത് കൂടാതെ ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാനും മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍മാരും കൂടിയുണ്ട് കേരള കോണ്‍ഗ്രസിന്. ഇതിന് പുറമെയാണ് 14 വൈസ് ചെയര്‍മാന്‍മാരും എഴുപതോളം ജനറല്‍ സെക്രട്ടറിമാരും!

തിരഞ്ഞെടുപ്പ് എങ്ങനെ
എങ്ങനെയാണ് ഈ ഭാരവാഹികളെയൊക്കെ തിരഞ്ഞെടുക്കുന്നത് എന്നതും രസകരമാണ്. വിട്ടുപോകാന്‍ സാധ്യതയുള്ളവരുടെ പട്ടികയ്ക്കാണ് പ്രാമുഖ്യം നല്‍കപ്പെട്ടത് എന്നാണ് വിവരം. ചിലരെ വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഭാരവാഹിയാക്കിയ കാര്യം അറിയിച്ചിട്ടുള്ളത്. മറ്റുചിലരെ കത്ത് വഴിയും!

എന്തും സംഭവിക്കാം
ഇങ്ങനെയൊക്കെ നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പിജെ ജോസഫ് ചെയ്തിട്ടുണ്ട്. പക്ഷേ, എത്ര പേര്‍ എത്രകാലം കൂടെയുണ്ടാകും എന്ന കാര്യത്തില്‍ ജോസഫിനും തോമസിനും യാതൊരു ഉറപ്പുമില്ല. അഞ്ച് വര്‍ഷം കൂടി ഭരണമില്ലാതിരിക്കുകയും, എതിര്‍പക്ഷത്തെ ജോസ് കെ മാണി ഇടതുമുന്നണിയില്‍ ശക്തനും ആയി തുടരുമ്പോള്‍ കൊഴിഞ്ഞുപോക്ക് തടയാനാകുമെന്ന പ്രതീക്ഷയൊന്നും ജോസഫിനും ഇല്ല.

അന്ന് വെട്ടിച്ചുരുക്കി, ഇന്ന്...
മുന്‍ എംപിയായ ജോയ് എബ്രഹാം ആണ് കേരള കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. മുമ്പ് ജോസഫും മാണിയും ഒരുമിച്ചുള്ള കാലത്ത് ജംബോ കമ്മിറ്റിയെ വെട്ടിനിരത്താന്‍ മുന്നില്‍ നിന്ന ജോയ് എബ്രഹാം ഇപ്പോള്‍ നിസ്സഹായനാണ്. അന്നത്തേക്കാള്‍ മോശം സ്ഥിതിയിലേക്ക് പാര്‍ട്ടി എത്തിരിയിരിക്കുകയാണിപ്പോള്‍.

നേതാക്കളുണ്ടാകും... പക്ഷേ,
ഇങ്ങനെ പോയാല്‍ കുറേ നേതാക്കളെ പിടിച്ചുനിര്‍ത്താന്‍ ആയേക്കും, പക്ഷേ പ്രവര്‍ത്തകര്‍ ഉണ്ടാവില്ലെന്ന മുന്നറിയിപ്പും ചിലര്‍ പിജെ ജോസഫിന് നല്‍കിയിട്ടുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള കടുത്ത നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇടതുപാര്‍ട്ടികളെ പോലെ കേഡര്‍ സംവിധാനത്തിലേക്ക് മാറാന്‍ ആണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.












Click it and Unblock the Notifications