പികെ ഫിറോസ് ജയിലില്‍; 14 ദിവസം റിമാന്റ് ചെയ്തു, പ്രതിഷേധം ശക്തമാക്കി യൂത്ത് ലീഗ്

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂര്‍ കോടതി റിമാന്റ് ചെയ്തത്. ഇദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഈ മാസം 18ന് യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇവരെ പൂജപ്പുര ജയിലിലെത്തി ഇന്ന് രാവിലെ പികെ ഫിറോസ് കണ്ടിരുന്നു. മടങ്ങി വരവെ പാളയത്ത് വച്ചാണ് പോലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റിനെതിരെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധിക്കുകയാണ്. കോഴിക്കോട് നടക്കാവ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. വൈകീട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പ്രതിഷേധം സംഘടിപ്പിക്കാനുള്ള ആലോചനയും യൂത്ത് ലീഗിനുണ്ട്.
പകപോക്കലാണ് നടക്കുന്നതെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചു, പോലീസ് ഓഫീസര്‍മാരെ കൈയ്യേറ്റം ചെയ്തു, അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒന്നാം പ്രതിയാണ് പികെ ഫിറോസ്.
50000 രൂപയുടെ പൊതുമുതല്‍ മാര്‍ച്ചിനിടെ നശിപ്പിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. പൊതുമരാമത്ത് വകുപ്പ് വിശദമായ പരിശോധന നടത്തിയ ശേഷം തുക കൃത്യമായി കണക്കാക്കും. നിയമസഭാ സമ്മേളനം ചേരുന്ന വേളയില്‍ തന്നെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്‌റ്റെന്നും പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ നോകുന്നത് വ്യാമോഹമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കാട്ടാള ഭരണമാണ് കേരളത്തില്‍ എന്നും പിഎംഎ സലാം പറഞ്ഞു.












Click it and Unblock the Notifications