'കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുവല്ലേ, ഒന്ന് ഉഷാറായി വരട്ടെ'; എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെയെന്നായിരുന്നു മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആവശ്യമെങ്കിൽ പ്രതിഷേധത്തിന് ഇറങ്ങുമെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പിന്നാലെ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരിഹാസമെത്തിയത്. 'വിദ്യാഭ്യാസ സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല. കുറേ നാളായി സമരം ചെയ്യാതെ ഇരുന്നവരല്ലേ. സമരം ചെയ്‌ത് ഉഷാറായി വരട്ടെ' എന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. പ്ലസ് സീറ്റ് വിഷയത്തിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്.

'സര്‍ക്കാരിന്റെ മനസ് സമരക്കാര്‍ മനസിലാക്കണം. ഒരു കുട്ടിക്കും പ്രവേശനത്തിന് പ്രയാസം ഉണ്ടാകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാൽ അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ല. അവരുടേത് തെറ്റിധാരണയാകാം. നാളെ വിദ്യാര്‍ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ എല്ലാം മനസിലാകും' എന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് മന്ത്രി വിശദീകരിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്‌ടലാക്കുണ്ടെന്നും ശിവൻകുട്ടി നിയമസഭയിൽ പറയുകയുണ്ടായി. വിഷയത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ്.
അതിനിടെ, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ കെഎസ്‌യു നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
ഏറ്റവും പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. എസ്എഫ്ഐ മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സലാണ് ഉദ്ഘാടനം ചെയ്‌തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്നായിരുന്നു അഫ്‌സൽ പറഞ്ഞത്.












Click it and Unblock the Notifications