ജിഷ കൊലപാതകം; പോലീസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു
കൊച്ചി: ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകം നടന്ന് 27 ദിവസം കഴിഞ്ഞിട്ടും പ്രതിക്കായി ഇരുട്ടില്‍ തപ്പുന്ന പോലീസിന് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് കംപ്ലെയിന്റ് അതോറിറ്റി വ്യക്തമാക്കിയത്.
അതോറിറ്റിക്ക് മുമ്പാകെ ഹാജരാകാത്തതിന് പോലീസ് ഉദ്യോഗസ്ഥരെ ജസ്റ്റിസ് നാരായണക്കുറുപ്പ് ശാസിക്കുകയും ചെയ്തു. അടുത്തമാസം രണ്ടിന് ഹാജരാകാന്‍ കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടു. അതേസമയം കംപ്ലെയിന്റ് അതോറിറ്റിക്കെതിരെ ഐജി മഹിപാല്‍ യാദവ് രംഗത്തെത്തിയിരുന്നു.

അന്വേഷണ സംഘത്തെ വിളിച്ച് വരുത്താന്‍ അതോറിറ്റിക്ക് അധികാരം ഇല്ലെന്നും അവരുടെ അധികാര പരിധിയില്‍ വരുന്നതല്ല പരാതിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് കോടതിയോട് മാത്രമാണ് ബാധ്യത. അതോറിറ്റിയുടെ നടപടി അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്ല്യമാണെന്നും മഹിപാല്‍ യാദവ് വ്യക്തമാക്കിയിരുന്നു.
ഐജി മഹിപാല്‍ യാദവ്, എസ്പി എച്ച് യതീഷ് ചന്ദ്ര, ഡിവൈഎസ്പി അനില്‍ കുമാര്‍ കുറുപ്പംപടി സിഐ രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവരോടാണ് കമ്മീഷന്‍ ബുധനാഴ്ച ഹാജരാകാന്‍ പറഞ്ഞത്. എന്നാല്‍ ആരും തന്നെ ഹാജരായിരുന്നില്ല. പ്രാഥമിക ഘട്ടത്തില്‍ വീഴ്ചവരുത്തിയതിനാലാണ് കമ്മീഷന്‍ ഹാജരാകാന്‍ പറഞ്ഞത്.












Click it and Unblock the Notifications