പിസി ജോര്‍ജിനെ കണ്ടെത്താനായില്ല, അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്
കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോര്‍ജിനെ കണ്ടെത്താനും തിരച്ചില്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചില്‍ തുടരാനാണ് പോലീസ് തീരുമാനം. ഇന്നലെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് തിരഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിന് പിന്നാലെയാണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും ജോര്‍ജ് എവിടെയാണെന്ന് അറിയില്ലെന്നാണ് മറുപടി.
ഗുജറാത്തും ഹിമാചലും കോണ്‍ഗ്രസ് നോക്കേണ്ട, കിട്ടാന്‍ പോകുന്നില്ല, പ്രവചനവുമായി പ്രശാന്ത് കിഷോര്‍
അതേസമയം ജോര്‍ജ് ഒളിവില്‍ പോയതാണെന്ന് പോലീസ് പറയുന്നു. ഒളിവില്‍ പോയ ജോര്‍ജിനെ കണ്ടെത്താന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനിടെ ജാമ്യത്തിനായി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി. തിടുക്കപ്പെട്ട് അറസ്റ്റില്ലെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് തിരച്ചില്‍ ശക്തമാക്കിയത്. പിസി ജോര്‍ജ് ഉച്ചയ്ക്ക് ബന്ധുവിന്റെ കാറിലാണ് വീട് വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് സ്ഥിരീകരിച്ചു. ഏതാനും സമയത്തിന് ശേഷം ഈ കാര്‍ തിരിച്ചുവരുന്നതും ദൃശ്യത്തിലുണ്ട്. എന്നാല്‍ കാറില്‍ ജോര്‍ജില്ല.
ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ജോര്‍ജ് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരം അടക്കം പിസി ജോര്‍ജ് പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരും. പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നും, കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാകും ഹൈക്കോടതിയില്‍ ജോര്‍ജ് ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം ആദ്യത്തേത് അല്ലെന്നും, ഗൂഢാലോചനയുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് സെഷന്‍സ് കോടതി പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം വാഗമണ്ണിലും തിരുവനന്തപുരത്തും അടക്കം പോലീസ് പരിശോധന നടത്തും. ജോര്‍ജിന്റെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാവും. ഹൈക്കോടതിയുടെ തീരുമാനം വരുന്നത് വരെ ജോര്‍ജ് രഹസ്യ സങ്കേതത്തില്‍ തുടരാനാണ് സാധ്യത. രാഷ്ട്രീയ ലക്ഷ്യത്തോടെ തനിക്കെതിരെ സര്‍ക്കാര്‍ നീങ്ങുകയാണെന്നും, കള്ളക്കേസാണ് ഇതെന്നുമാണ് ജോര്‍ജിന്റെ നിലപാട്. എന്നാല്‍ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യത്തോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേ എന്ന് എറണാകുളം സെഷന്‍സ് കോടതി ചോദിക്കുകയും ചെയ്തു.
ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍