50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു; പികെ ഫിറോസിനെതിരെ ജാമ്യമില്ലാ വകുപ്പ്...

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സേവ് കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത 28 പേര്‍ നിലവില്‍ റിമാന്റിലാണ്. ഇവരെ ജയിലില്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് ഇന്ന് പികെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിച്ചത്. എഫ്‌ഐആര്‍ രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനിലെത്തി പികെ ഫിറോസിനെ കണ്ടു. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പക പോക്കല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പകപോക്കലാണ് നടക്കുന്നതെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചു എന്ന വകുപ്പും ഫിറോസിനെതിരെയുണ്ട്. സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ലെന്ന് പോലീസ് യുഡിഎഫ് നേതാക്കളെ അറിയിച്ചു.
50000 രൂപയുടെ പൊതുമുതല്‍ മാര്‍ച്ചിനിടെ നശിപ്പിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. പൊതുമരാമത്ത് വകുപ്പ് വിശദമായ പരിശോധന നടത്തിയ ശേഷം തുക കൃത്യമായി കണക്കാക്കും. പൊതുമുതല്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാര തുക മാര്‍ച്ച് സംഘടിപ്പിച്ചവരില്‍ നിന്ന് ഈടാക്കാനുള്ള സാധ്യതയും പോലീസ് ആരായുന്നുണ്ട്.
പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി ഗുരുതരമായ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. നിയമസഭാ സമ്മേളനം ചേരുന്ന വേളയില്‍ തന്നെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സമരം ചെയ്തവരെ അറസ്റ്റ് ചെയ്യുകയാണ്. ശക്തമായ പ്രതിഷേധം ഉയരുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അപലപനീയമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നത്. സാധാരണ സമരങ്ങളില്‍ കാണുന്ന നഷ്ടം മാത്രമാണ് ഉണ്ടായത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്റ്റ്. പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ നോകുന്നത് വ്യാമോഹമാണ്. ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ മുന്നില്‍ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്തത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് കള്ളക്കേസെടുത്ത് ജയിലിലടച്ചു. കലിയടങ്ങാതെ പികെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. കാട്ടാള ഭരണമാണ് കേരളത്തില്‍ എന്നും പിഎംഎ സലാം പറഞ്ഞു.












Click it and Unblock the Notifications