പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് നീതിയാവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിൽ അക്രമം
കോഴിക്കോട്: പൊലീസ് മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിക്ക് നീതിയാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനു നേരെ ലാത്തിച്ചാർജ്. കഴിഞ്ഞ ഫെബ്രുവരി 24 ന് എസ് എഫ് ഐ പ്രവർത്തകനായ കുറ്റ്യാടി മഠത്തിൽ നിയാസിന് പൊലീസ് മർദനമേറ്റിരുന്നു. കാഴ്ചക്കുറവുള്ള നിയാസിന് മർദനത്തിൽ തോളെല്ലിന് പരുക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഇതെതുടർന്നാണ് എസ് എഫ് ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം രസിൽ കായക്കൊടിക്ക് തലയ്ക്ക് പരുക്കേറ്റു. ഏരിയാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അരുൺ രാജ്, കെ.സി ആദർശ്, കെ.സി അൻഫാസ് എന്നിവർക്കും പരുക്കേറ്റു. രസിലിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി അതുൽദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഫിദൽ റോയ്സ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.പി ജിഷ്ണു, സി.കെ അൻഫാസ്, ആർ. സിദ്ധാർഥ് , പി.എസ് അശ്വന്ത്, ശരൺ റാം തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications