വര്‍ഗീയ ലഹളയ്ക്ക് ശ്രമം; ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീര്‍ത്ഥ യാത്രക്കാര്‍ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് വ്യക്താമാണ്.
തിരുവനന്തപുരം ബലരാമപുരത്ത് കടകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകര്‍ത്തത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണ് തകര്‍ത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്‌ക്രിയമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികള്‍ക്ക് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വ്യാപക ആക്രമണമാണ് ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറാണ് നടക്കുന്നത്. കോഴിക്കോട്, വയനാട്,തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് തന്നെ മൂന്നിടത്തായിട്ടാണ് കല്ലേറുണ്ടായത്. സിവില്‍ സ്റ്റേഷന് സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പൗരന്മാരുടെ ജീവിതത്തെ തടസപ്പെടുത്തുന്ന ഇത്തരം ആക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും ആക്രമം തടയാന്‍ എല്ലാ സവംിധാനവും ഉപയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications