മുസ്ലിം വിരുദ്ധ പ്രസ്താവന: സെന്‍കുമാര്‍ വിഢ്ഡി, കൂടുതല്‍ പ്രമുഖര്‍ രംഗത്ത്, പരാതിയും

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരേ കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. സെന്‍കുമാറിന് സ്വബുദ്ധി നഷ്ടമായെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുസ്ലിംകളെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന അടിസ്ഥാന രഹിതമാണ്. വിവരമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്ന ദേശസ്‌നേഹമുള്ള ജനങ്ങളാണ് കേരളത്തിലെ മുസ്ലിം സമുദായം. മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദ ചിന്താഗതിക്കാര്‍ എന്ന് വിളിച്ചതും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞതും നോക്കുമ്പോള്‍ സെന്‍കുമാര്‍ വിഢ്ഡിയാണെന്നാണ് സംശയിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Senkumar

സെന്‍കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ദുശ്യന്ത് ദവെയും രംഗത്തെത്തിയിരുന്നു. സെന്‍കുമാറിന്റെ മനസിലിരിപ്പ് ഇതാണെന്ന് അറിയുകയാണെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകില്ലായിരുന്നുവെന്നു ദവെ പറഞ്ഞു.

ഡിജിപി പദവി കേസില്‍ സെന്‍കുമാറിന് വേണ്ടി കേരള സര്‍ക്കാരിനെതിരേ സുപ്രീംകോടതിയില്‍ ഹാജരായവരില്‍ പ്രശാന്ത് ഭൂഷണും ഉണ്ടായിരുന്നു. ഫീസ് വാങ്ങാതെയാണ് പ്രശാന്ത് ഭൂഷണ്‍ ഹാജരായതെന്ന് സെന്‍കുമാര്‍ തന്നെയാണ് പറഞ്ഞത്.

അതേസമയം, സെന്‍കുമാറിന്റെ വിവാദ പ്രസ്താവനയില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതി നല്‍കുമെന്നു യൂത്ത് ലീഗും അറിയിച്ചിട്ടുണ്ട്.

സെന്‍കുമാര്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപി സംസ്ഥാന നേതാവ് എംടി രമേശ് അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടു. പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് രമേശ് പോയതെന്ന് വാര്‍ത്തയുണ്ട്. എന്നാല്‍ സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്ന് രമേശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

English summary
Prashant Bhushan against Former DGP Senkumar
Please Wait while comments are loading...