കണ്ണൂരിലെ ഉന്നതന് പ്രവീണ്‍ റാണയുമായി ബന്ധം? സിനിമ മേഖലയിലും കൂട്ടാളികള്‍; രഹസ്യനിരീക്ഷണം
കൊച്ചി: സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രവീണ്‍ റാണയ്ക്ക് കണ്ണൂരിലും കൂട്ടാളികളുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ കണ്ണൂരില്‍ അടുപ്പമുള്ളവര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ശക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ ചില ഉന്നതരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയുമായി ബന്ധമുള്ള ചില ആളുകളെ കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പൊളിഞ്ഞതോടെ പ്രവീണ്‍ റാണ കണ്ണൂര്‍ വിമാനത്താവളം വഴി വടക്കേ മലബാറിലേക്ക് കടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് റെയ്ഡ് ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് കടന്നതായി സംശയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് നിരവധി പേരാണ് സേഫ് ആന്‍ഡ് സ്‌ട്രോംഗില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. ഇയാള്‍ക്ക് വേണ്ടി കണ്ണൂരില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കമ്പനി തകര്‍ന്നതോടെ പലരും ഒളിവില്‍ പോയിരിക്കുകയാണ്. കണ്ണൂരിലെ ഉന്നത ബന്ധം ഉപയോഗിച്ച് പ്രവീണ്‍ റാണ ജില്ലയില്‍ എവിടെയെങ്കിലും ഒളിവില്‍ കഴിയുന്നുണ്ടോ എന്ന സംശയം പോലിസിനുണ്ട്. പൊലീസ് കണ്ണൂരിലെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി നിരീക്ഷണം നടത്തുന്നുണ്ട്.

തൃശൂരില്‍ നിന്നെത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ കണ്ണൂരിലെ ബ്രാഞ്ച് ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ രേഖകള്‍ ഇള്‍പ്പടെ പിടിച്ചെടുത്തിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ലോഡ്ജ് മുറികളിലും റിസോര്‍ട്ടുകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

പ്രവീണ്‍ റാണയുമായി അടുത്ത് ബന്ധമുള്ളവരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍ കോള്‍ അടക്കമുള്ള വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളം റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.

പ്രവീണ്‍ റാണ കേരളം വിട്ടുപോയില്ലെന്ന നിഗമനത്തിലാണ് പോലിസ്. എന്നാല്‍ ഇയാള്‍ അടുത്ത ദിവസം കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായുളള ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ, ചിട്ടിക്കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 61 കോടി രൂപ പിന്‍വലിച്ചെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് നിഗമനം. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള തുകകളായി പിന്‍വലിച്ചാണ് പ്രവീണ്‍ റാണ അക്കൗണ്ട് ഏറെ കുറേ ശൂന്യമാക്കിയത്.

മുംബൈയിലും ബംഗളൂരുവിലും സ്വന്തമായി ഡാന്‍ഡസ് ബാറുകളും മറ്റും സ്വന്തം ഉടമസ്ഥതയിലുള്ളയാണെന്ന് പ്രവീണ്‍ റാണ നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വാടകകയ്ക്ക് എടുത്തതായിരുന്നു. റാണ ഇതര സംസ്ഥാനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.

കൊച്ചിയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. റാണയുടെ കമ്പനിയില്‍ നിക്ഷേപിച്ച് പണം നഷ്ടമായവരില്‍ കുറേ പേരും പുറത്തുപറയാന്‍ മടിക്കുന്നുണ്ട്. ഇപ്പോള്‍ പരാതിയുമായി 250ഓളം പേരാണ് രംഗത്തെത്തിയത്. നാണക്കേടും പണം തിരിച്ചുകിട്ടില്ലെന്ന പേടി കാരണവുമാണ് പലരും പുറത്തുപറയാന്‍ മടിക്കുന്നത്. ഏകദേശം 86 കോടിയോളം രൂപ പ്രവീണ്‍ റാണ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications