റോഡ് ഷോയില്‍ വാഹനത്തില്‍ ഒപ്പം; പക്ഷെ 'സ്ഥാനാർത്ഥി' സുരേഷ് ഗോപിയെക്കുറിച്ച് ഒന്നും പറയാതെ മോദി
തൃശ്ശൂർ: സംസ്ഥാന സർക്കാറിനും യു ഡി എഫ് - എല്‍ ഡി എഫ് കക്ഷികള്‍ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് തൃശ്ശൂരിലെ പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചത്. കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികള്‍ എടുത്ത് പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാർ സ്വജനപക്ഷപാതത്തിലും അഴിമതിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
അതേസമയം, സുരേഷ് ഗോപിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഒരിടത്തും പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേക്കാള്‍ ബി ജെ പി സാധ്യത കാണുന്ന മണ്ഡലമാണ് തൃശ്ശൂർ. അതുകൊണ്ട് തന്നെയാണ് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി തൃശ്ശൂർ മണ്ഡലത്തില്‍ സംഘടിപ്പിച്ചതും.

തൃശ്ശൂരില്‍ സുരേഷ് ഗോപിയായിരിക്കും ഇത്തവണയും ബി ജെ പി സ്ഥാനാർത്ഥി എന്നുള്ളത് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി നഗരത്തില്‍ വരുന്നതിന് മുന്നോടിയായി സുരേഷ് ഗോപിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ചുമരെഴുത്തുകളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റോഡ് ഷോയില്‍ കെ സുരേന്ദ്രനൊപ്പം സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ അദ്ദേഹം സുരേഷ് ഗോപിയെക്കുറിച്ച് പരാമർശിക്കാന്‍ തയ്യാറായില്ല.
പ്രധാനമന്ത്രിക്ക് മുമ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പല നേതാക്കളും സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെക്കുറിച്ച് എടുത്ത് പറയാതിരുന്നതെന്നാണ് സൂചന.
അതേസമയം, സർക്കാറിനും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെ നിശിതമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോണ്‍ഗ്രസ്-ഇടതുപക്ഷ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കി. പത്ത് ലക്ഷം ഉജ്ജ്വ കണക്ഷനുകള്‍ നല്‍കി, 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പിലൂടെ വെള്ളം നല്‍കി, 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിർമ്മിച്ച് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലങ്ങളില്‍ മുത്തലാഖില്‍ മുസ്ലിംസ്ത്രീകള്‍ ഏറ്റവും ബുദ്ധിമുട്ടനുഭിച്ചിരുന്നു. പക്ഷേ മോദി സര്‍ക്കാര്‍ മുസ്ലിം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം നേടിക്കൊടുത്തു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്ത്രീശക്തിയെ ദുര്‍ബലമായിട്ടാണ് കണക്കാക്കിയത്. സ്ത്രീകളുടെ ശക്തിയാണ് ഈ നാടിനെ വികസിത രാഷ്ട്രമാക്കുന്നതില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഏറ്റവും വലിയ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications