സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; നവംബർ 9 മുതൽ സർവീസുകൾ നിർത്തിവയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്. നവംബർ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തി വയ്ക്കും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംയുക്തസമരസമിതി ഗതാഗത മന്ത്രിക്ക് സമരം നടത്തുമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ബസ്സുടമകളുടെ ആവശ്യം സർക്കാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

അടിക്കിടെ ഉയരുന്ന ഇന്ധനവില വർധനയിൽ ബസുകളിലെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസ്സുടമകൾ പറയുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.

ബസ്സുടമകളുടെ സംയുക്ത സമരസമിതിയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതായി അറിയിച്ചിട്ടുള്ളത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി ഇക്കാര്യങ്ങൾ സംയുക്തസമരസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഇനിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമരവുമായി സംഘടനകൾ മുന്നോട്ടുപോകുന്നത്. 2018ൽ ഡീസലിന് 62 രൂപയുള്ളപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്ന് ബസ്സുടമകൾ പറയുന്നു. ഇതിൽ മാറ്റം വരുത്താതെ ഒരടി മുന്നോട്ടു പോകാനാകില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. കൊവിഡ് കാലം കണക്കിലെടുത്ത് ചാർജ് വർധന എത്രത്തോളം നടപ്പിലാക്കാനാകുമെന്ന് അറിയില്ലെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. സമരം നടത്തുമെന്ന് സംഘടനകൾ ഉറച്ച നിലപാടെടുത്തതോടെ സർക്കാർ ഇക്കാര്യത്തിൽ ഇനി എന്ത് തീരുമാനം സ്വീകരിക്കുമെന്നുള്ളതാണ് പ്രധാനം.












Click it and Unblock the Notifications