'ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ കേരളത്തില്‍', നിർമ്മാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറൽ
കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം വരെ ചോദ്യചിഹ്നത്തിലാവുകയും ചെയ്തിരിക്കുന്ന കാലത്താണ് നിയമസഭാംഗം എന്ന നിലയ്ക്ക് അദ്ദേഹം ഇന്ന് 51 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന് പറയാം.
പ്രതിപക്ഷ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല ആയിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടിയെ നിയോഗിക്കേണ്ടി വന്നു എന്നതില്‍ തന്നെ വ്യക്തമാണ് അക്കാര്യം. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയിക്കാനായില്ല. മാത്രമല്ല കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് പുതിയ ആളുകള്‍ വന്നു. എങ്കിലും ഉമ്മന്‍ചാണ്ടിയുടെ പ്രസക്തിയെ കുറിച്ച് സംശയമേതും വേണ്ട. നിയമസഭയിൽ അംഗമായതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയെ കുറിച്ച് സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ആന്റോ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ: '' ഞാന്‍ ആദ്യമായി 'പരിചയപ്പെട്ട' രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി. പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലില്‍ തെളിഞ്ഞു നിന്ന കൗതുകം. 1977 ലെ തിരഞ്ഞെടുപ്പായിരുന്നു അത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൂരോപ്പട പഞ്ചായത്തിലെ പങ്ങട സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പോയ അച്ഛയോടും അമ്മയോടുമൊപ്പം വിരലില്‍ തൂങ്ങി ഞാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള വഴിയില്‍ അങ്ങിങ്ങായി ചില ചുവരെഴുത്തുകള്‍.

അച്ഛ പറഞ്ഞുതന്നു. 'ഇതാണ് നമ്മുടെ സ്ഥാനാര്‍ഥീടെ പേര്- ഉമ്മന്‍ചാണ്ടി'. പേരിനേക്കാൾ എൻ്റെ നോട്ടത്തെ പിടിച്ചെടുത്തത് അതിനൊപ്പമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ചിഹ്നം അന്ന് പശുവും കിടാവുമായിരുന്നു. ആരോ വരച്ച ആ ചിത്രത്തിലേക്ക് നോക്കി നോക്കി നടന്നുപോയ അഞ്ചു വയസുകാരനെ കാലം പിന്നീട് കേരള വിദ്യാര്‍ഥി യൂണിയന്റെ നീലക്കൊടിയേന്തിച്ചു, ഖദര്‍ ഇടുവിച്ചു. മതിലില്‍ നിന്ന് എന്റെ മനസിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവന്നു. അന്നു തുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം.

ഒരു മുതിര്‍ന്ന ജ്യേഷ്ഠന്‍. കരുതലിന്റെ മറുവാക്ക്. ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവ്. ഇതെല്ലാമാണ് എനിക്ക് അദ്ദേഹം. ഇതിനപ്പുറം പലതുമാണ്. വിശേഷണങ്ങള്‍ക്ക് അതീതമായ വ്യക്തിത്വം. ഉമ്മന്‍ചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളി എന്ന മണ്ഡലം അരനൂറ്റാണ്ടായി ആ പേരില്‍ തന്നെ മന:സാക്ഷിയുടെ മുദ്ര പതിപ്പിച്ചു കൊണ്ടേയിരിക്കുന്നതും.

സെപ്റ്റംബര്‍ 17ന് അദ്ദേഹം അപൂര്‍വമായ നേട്ടത്തിലേക്കെത്തുകയാണ്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി എന്ന പേര് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 51 വര്‍ഷങ്ങള്‍ തികയുന്നു. പാര്‍ലമെന്ററി ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളിലൊന്ന്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്കും ഇന്ന് തിരശീല വീഴുകയാണ്.

പക്ഷേ ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചു കൊണ്ടേയിരിക്കും. കാരണം, പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ പറയുന്നതുപോലെ ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ കേരളത്തില്‍. അത് പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയാണ്. ആള്‍ക്കൂട്ടങ്ങളുടെ നായകന്... ജനമനസറിയുന്ന, അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിക്ക്... അഭിവാദ്യങ്ങൾ''

കെസി വേണുഗോപാലും ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നു.'' രാജ്യത്തെ നിയമനിർമാണ സഭാ ചരിത്രത്തിലെ ഒരു അപൂർവ നേട്ടത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്ന് അവസാനിക്കുകയാണ്. കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ അൻപത് സമാജിക വർഷങ്ങളെ ആദരിക്കുകയായിരുന്നു പോയ ഒരുവർഷം നമ്മൾ. 1970ൽ പുതുപ്പള്ളിയിൽ നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് അൻപത്തിയൊന്ന് വർഷം പിന്നിടുന്നു. എപ്പോഴും എന്തിനും ആർക്കും സമീപിക്കാവുന്ന പൊതുപ്രവർത്തകൻ, നിയമത്തിന്‍റെ നൂലമാലക്കപ്പുറം പരിഹാരം കാണുന്ന ഭരണകർത്താവ് ഇങ്ങനെയെല്ലാമുണ്ടായ ഇടപെടലുകളിലൂടെ ഒരു നേതാവ് എങ്ങനെയാകണമെന്നതിനുള്ള ഉത്തരമാകുക കൂടിയായിരുന്നു ഉമ്മൻചാണ്ടി. തോൽവിയറിയാ ആ യാത്ര കോൺഗ്രസിന് കരുത്തായി മുന്നോട്ടുമുണ്ടാകട്ടെ, ആശംസകൾ''.












Click it and Unblock the Notifications